200 രൂപ മടക്കിനല്‍കാന്‍ 22 വര്‍ഷത്തിനുശേഷം കടല്‍ കടന്നെത്തി കെനിയന്‍ എംപി

1985-89 കാലത്താണ് ഫെയ്‌സ്ബുക്ക് കുറിപ്പിന് ആധാരമായ സംഭവം നടക്കുന്നത്. അന്ന് ഔറംഗബാദിനു സമീപമുള്ള മൗലാന ആസാദ് കോളജില്‍ മാനേജ്‌മെന്റ് കോഴ്‌സിനു പഠിക്കുകയായിരുന്നു തോംഗി. വാങ്കഡെനഗറില്‍ പലചരക്കുകട നടത്തുകയായിരുന്ന കാശിനാഥാണ് എല്ലാ ദിവസവും തോംഗിക്കു ഭക്ഷണം നല്‍കിയിരുന്നത്.

Update: 2019-07-12 05:07 GMT

മുംബൈ: കടം വാങ്ങിയ പണം തിരികെനല്‍കുകയെന്നത് വാര്‍ത്താപ്രാധാന്യമുള്ള വിഷയമല്ല. എന്നാല്‍, അപൂര്‍വമായൊരു കടംവീട്ടലിനെക്കുറിച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 22 വര്‍ഷം മുമ്പ് വാങ്ങിയ 200 രൂപ മടക്കിനല്‍കാന്‍ കെനിയന്‍ എംപി കടല്‍ കടന്ന് ഇന്ത്യയിലെത്തിയതാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ കര്‍ഷകനായ കാശിനാഥ് ഗൗളിയ്ക്കു നല്‍കാനുണ്ടായിരുന്ന 200 രൂപയുടെ കടംവീട്ടാനാണ് കെനിയര്‍ പാര്‍ലമെന്റ് അംഗമായ റിച്ചാര്‍ഡ് ന്യാഗക തോംഗി ഇന്ത്യയിലെത്തിയത്. കെനിയയിലെ ന്യാരിബാരി ചാച്ചെ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് തോംഗി.


1985-89 കാലത്താണ് ഫെയ്‌സ്ബുക്ക് കുറിപ്പിന് ആധാരമായ സംഭവം നടക്കുന്നത്. അന്ന് ഔറംഗബാദിനു സമീപമുള്ള മൗലാന ആസാദ് കോളജില്‍ മാനേജ്‌മെന്റ് കോഴ്‌സിനു പഠിക്കുകയായിരുന്നു തോംഗി. വാങ്കഡെനഗറില്‍ പലചരക്കുകട നടത്തുകയായിരുന്ന കാശിനാഥാണ് എല്ലാ ദിവസവും തോംഗിക്കു ഭക്ഷണം നല്‍കിയിരുന്നത്. തോംഗി കെനിയയിലേക്കു തിരിച്ചുപോവുമ്പോള്‍ കാശിനാഥിന് 200 രൂപ കൊടുക്കാനുണ്ടായിരുന്നു. ഈ കടം വീട്ടുന്നതിനായാണ് താന്‍ തിരികെയെത്തിയതെന്ന് തോംഗി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 'എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. അന്ന് കാശിനാഥാണ് എന്നെ സഹായിച്ചത്.

എന്നെങ്കിലും ഒരിക്കല്‍ തിരികെയെത്തി കടം വീട്ടണമെന്ന് അന്നു ഞാന്‍ വിചാരിച്ചിരുന്നു. ഇത് തനിക്ക് വൈകാരികമായ ഒരു കൂടിക്കാഴ്ചയാണ്. കാശിനാഥിനെയും മക്കളെയും ദൈവം രക്ഷിക്കട്ടെ. താന്‍ കാശിനാഥിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കാമെന്നാണ് കുടുംബം പറഞ്ഞത്. എന്നാല്‍, വീട്ടില്‍നിന്നുതന്നെ ഭക്ഷണം കഴിക്കണമെന്നത് തന്റെ നിര്‍ബന്ധമായിരുന്നു. കാശിനാഥിന്റെ കുടുംബം ഇതുകേട്ട് അത്ഭുതപ്പെടുകയാണ് ചെയ്തത്- എംപി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഭാര്യ മിഷേലും എംപിക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയിലേക്കുള്ള യാത്ര മറക്കാനാവാത്തതായിരുന്നുവെന്ന് മിഷേല്‍ പ്രതികരിച്ചു. കാശിനാഥിന്റെ വീടിനൊപ്പം താന്‍ പഠിച്ച കോളജും സന്ദര്‍ശിച്ച തോംഗി, വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ചയും നടത്തി. കെനിയയിലേക്കു ഉടന്‍തന്നെ വരണമെന്ന് കാശിനാഥിയെയും കുടുംബത്തെയും ക്ഷണിച്ചശേഷമാണ് തോംഗി മടങ്ങിയത്. 

Tags:    

Similar News