യുപിയിൽ മുസ്‌ലിം ബാലൻറെ വിരലുകൾ അറുത്ത് മാറ്റി
വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഇഷ്ടികകളും കൊണ്ട് ആക്രമിച്ച സംഘം മുസ്‌ലിം ബാലന്‍മാരില്‍ ഒരാളുടെ മൂന്ന് കൈവിരലുകളും മുറിച്ചു മാറ്റുകയായിരുന്നു. ഒരാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു
ഗോരഖ്പൂര്‍: ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മുസ്‌ലിംകള്‍ക്ക് നേരെയുള്ള ആക്രമണം നിരന്തരം തുടരുന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ കൗമാരക്കാരായ നാല് മുസ്‌ലിം കുട്ടികള്‍ക്ക് നേരെ 20 അംഗ സംഘത്തിന്റെ ആക്രമണം. വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഇഷ്ടികകളും കൊണ്ട് ആക്രമിച്ച സംഘം ഇവരില്‍ ഒരാളുടെ മൂന്ന് കൈവിരലുകളും മുറിച്ചു മാറ്റി. ഒരാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഗോരഖ്പൂരിലെ ഖോസിപൂര്‍വ പ്രദേശത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രഭാത നമസ്‌കാരത്തിന് പള്ളിയിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം. ഖോസിപൂര്‍വ സ്വദേശികളും സുഹൃത്തുക്കളുമായ വസീം (14), ജീഷാന്‍ (14), സമീര്‍ (15), ആരിഫ് (14) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇതില്‍ വസീമിന്റെ വിരലുകളാണ് സംഘം മുറിച്ചുമാറ്റിയത്. ജീഷാന് വയറിനാണ് കുത്തേറ്റത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജീഷാന്റേയും ആരിഫിന്റേയും നില ഗുരുതരമായി തുടരുകയാണ്. സമീറും, വസീമും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
സംഭവത്തില്‍ നടപടിയെടുക്കാന്‍ വൈകിയതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ പോലിസ് കേസെടുത്തത്്. ഇരു വിഭാഗം കുട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലിസ് ഭാഷ്യം. സംഭവത്തില്‍ ഇരു വിഭാഗത്തില്‍ നിന്നും പരാതി കിട്ടിയിട്ടുണ്ട്.
എന്നാല്‍ തൊട്ടടുത്ത സ്ഥലത്തു നിന്നുള്ളവരാണെന്ന് അക്രമികളെന്നു പ്രദേശവാസികള്‍ പറഞ്ഞു. ടെമ്പോയിലെത്തിയ നിരവധി ആളുകള്‍ കുട്ടികളെ തടഞ്ഞുനിര്‍ത്തുകയും വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഇഷ്ടികകളും കൊണ്ട് ആക്രമിക്കുകയുമായിരുന്നെന്ന് വസീമിന്റെ മാതാവ് പറഞ്ഞു.