വിശ്വസുന്ദരിപ്പട്ടം ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിന്

Update: 2021-12-13 04:29 GMT

എയ്‌ലാറ്റ് (ഇസ്രായേല്‍): രണ്ട് പതിറ്റാണ്ടിനുശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം. പഞ്ചാബില്‍നിന്നുള്ള 21കാരി ഹര്‍നാസ് സന്ധുവാണ് നേട്ടം സ്വന്തമാക്കിയത്. ഇസ്രായേലിലെ എയ്‌ലാറ്റില്‍ നടന്ന 70ാമത് മിസ് യൂനിവേഴ്‌സ് മല്‍സരത്തില്‍ പരാഗ്വെ ഫസ്റ്റ് റണ്ണറപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി. മുന്‍ വിശ്വസുന്ദരി മെക്‌സിക്കോയില്‍നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിനെ കിരീടമണിയിച്ചത്. ഇത് മൂന്നാം തവണയാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്. സുസ്മിത സെന്നും (1994) ലാറ ദത്തയുമാണ് (2000) ഇതിന് മുമ്പ് ഇന്ത്യയ്ക്കായി നേട്ടം സ്വന്തമാക്കിയവര്‍. എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹര്‍നാസ് സന്ധു 2021ലെ വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയത്.

നിലവില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ ഹര്‍നാസ് സന്ധു കഴിഞ്ഞ ഒക്ടോബറിലാണ് മിസ് യൂനിവേഴ്‌സ് ഇന്ത്യ പട്ടം സ്വന്തമാക്കിയത്. 2019ല്‍ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് പട്ടം നേടിയ ഹര്‍നാസ് നിരവധി പഞ്ചാബി ചിത്രങ്ങളിലും വേഷമിട്ടു. ഫൈനല്‍ റൗണ്ടായ ടോപ് ത്രീ റൗണ്ടില്‍, ''ഇക്കാലത്ത് യുവതികള്‍ അനുഭവിക്കുന്ന സമ്മര്‍ദത്തെക്കുറിച്ച് അവര്‍ക്ക് എന്തുപദേശമായിരിക്കും നിങ്ങള്‍ നല്‍കുക?'' എന്ന ചോദ്യമാണ് പാനലിസ്റ്റുകള്‍ ചോദിച്ചത്.

ഇതിന് ഹര്‍നാസ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികള്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാന്‍ എന്നില്‍ വിശ്വസിച്ചു. അതിനാല്‍ ഞാനിന്ന് ഇവിടെ നില്‍ക്കുന്നു''.

Tags:    

Similar News