ഹിജാബ് വിധി; ഇന്ത്യയിലുടനീളം സമുദായ ധ്രുവീകരണം ഉണ്ടാക്കുമെന്ന് ഭയപ്പെടുന്നു: എം എൻ കാരശ്ശേരി

നീതി നടപ്പാക്കാനുള്ള സ്ഥാപനമാണ് കോടതി. ഇതൊരു പൗരാവകാശ പ്രശ്‌നമാണ്. വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് കോടതി ചെയ്യേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Update: 2022-03-15 09:48 GMT

കോഴിക്കോട്: ഹിജാബ് വിധി അഖിലേന്ത്യാ തലത്തില്‍ സമുദായ ധ്രുവീകരണം ഉണ്ടാക്കുമെന്ന് ഭയപ്പെടുന്നതായി എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എം എന്‍ കാരശ്ശേരി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ഏത് മതത്തിലും വിശ്വസിക്കാനും,അനുഷ്ഠിക്കാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തില്‍ തീര്‍പ്പ് കല്‍പിക്കേണ്ട കാര്യം സാധാരണഗതിയില്‍ കോടതിക്കില്ല. നീതി നടപ്പാക്കാനുള്ള സ്ഥാപനമാണ് കോടതി. ഇതൊരു പൗരാവകാശ പ്രശ്‌നമാണ്. വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് കോടതി ചെയ്യേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

'മുഖം മൂടുന്ന പര്‍ദ നിരോധിക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം അത് ആളുകളെ മനസിലാക്കുന്നതിന് അല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഹിജാബ് അഥവാ ശിരോവസ്ത്രം ആളുകളുടെ താത്പര്യത്തിന് വിടണം' - എം.എന്‍ കാരശ്ശേരി പറഞ്ഞു

കോളജിൽ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി യു കോളജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. ഇസ് ലാം മത വിശ്വാസ പ്രകാരം ഹിജാബ് അനിവാര്യമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ഥിനികളാണ് ഹരജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു.

ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. ഈ വാദങ്ങള്‍ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു. ഹിജാബ് വിഷയത്തില്‍ ഇടനിലക്കാരെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Similar News