മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്: സ്ഥാനാര്‍ഥികളുടെ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും
ജില്ലാകമ്മിറ്റികളെയൊ മണ്ഡലം കമ്മിറ്റികളെയൊ പരിഗണിക്കാതെ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിച്ച സംസ്ഥാന നേതൃത്വം തന്നെ തോല്‍വിയുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന നിലപാടിലാണ് ആരോപണ വിധേയരായ മിക്ക കമ്മിറ്റികളും
കോഴിക്കോട്: മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ട മണ്ഡലങ്ങളില്‍ നടത്തിയ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനാണ് പ്രധാനമായുംയോഗം ചേരുന്നത്. ലീഗ് സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് ഹേതുവായി എന്ന് കരുതപ്പെടുന്ന ചില നേതാക്കള്‍ക്കും മണ്ഡലം കമ്മിറ്റികള്‍ക്കുമെതിരേ നടപടിയുണ്ടാകുമെന്നാണ്. ഇതിനിടെ, ജില്ലാകമ്മിറ്റികളെയൊ മണ്ഡലം കമ്മിറ്റികളെയൊ പരിഗണിക്കാതെ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിച്ച സംസ്ഥാന നേതൃത്വം തന്നെ തോല്‍വിയുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന നിലപാടിലാണ് ആരോപണ വിധേയരായ മിക്ക കമ്മിറ്റികളും. 11 മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ പരാജയകാരണത്തോടൊപ്പം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച സംബന്ധിച്ചു ചര്‍ച്ച നടക്കും.
അഴിക്കോട് കെ എം. ഷാജി, താനൂര്‍ പികെ ഫിറോസ്, തിരുവമ്പാടി സിപി ചെറിയ മുഹമ്മദ്, ഗുരുവായൂര്‍ കെഎന്‍എ ഖാദര്‍, കളമശേരി അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍, കോങ്ങാട് യു സി രാമന്‍, കോഴിക്കോട് സൗത്ത് അഡ്വ. നൂര്‍ബിന റഷീദ്, കൂത്തുപറമ്പ പൊട്ടങ്കണ്ടി അബ്ദുല്ല, കുറ്റിയാടി പാറക്കല്‍ അബ്ദുല്ല, പുനലൂര്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ലീഗ് സ്ഥാനാര്‍ഥികള്‍. കെ എം ഷാജി, പി കെ ഫിറോസ് എന്നിവരുടെ പരാജയമാണ് നേരത്തെ വിവാദമായിരുന്നത്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുളള സമര പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടത് എങ്ങനെയെന്ന കാര്യത്തിലും ഇന്നത്തെ യോഗം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നറിയുന്നു.