ജാര്‍ഖണ്ഡിലെ ഹിന്ദുത്വ ആള്‍ക്കൂട്ടക്കൊല: അധികാരികളുടെ നിശബ്ദത ചോദ്യം ചെയ്ത് രാഹുല്‍ഗാന്ധി

ബിജെപി ഭരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളിലെ ശക്തമായ സ്വരങ്ങളുടെ മൗനത്തില്‍ താന്‍ ഞെട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-06-26 02:15 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഹിന്ദുത്വ 'ആള്‍ക്കൂട്ടം' 24 കാരനെ അടിച്ചു കൊന്ന സംഭവം മാനവികതയ്‌ക്കേറ്റ കളങ്കമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി ഭരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളിലെ ശക്തമായ സ്വരങ്ങളുടെ മൗനത്തില്‍ താന്‍ ഞെട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം യുവാവിനെ മൃഗീയമായി മര്‍ദ്ദിച്ച് കൊല്ലപ്പെടുത്തിയ മാനവികയ്‌ക്കേറ്റ കളങ്കമാണ്.

4 ദിവസത്തോളം ഈ യുവാവിനെ കസ്റ്റഡിയില്‍വച്ച പോലിസിന്റെ ക്രൂരത, ബിജെപി ഭരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളിലെ ശക്തമായ സ്വരങ്ങള്‍ പാലിക്കുന്ന മൗനം പോലെ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബൈക്ക് മോഷണം ആരോപിച്ചു ഹിന്ദുത്വ ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച 24കാരനായ തബ്രിസ് അന്‍സാരി ശനിയാഴ്ചയാണു മരിച്ചത്. മര്‍ദനത്തിനിടെ അന്‍സാരിയെ ആള്‍ക്കൂട്ടം ബലമായി 'ജയ് ശ്രീറാം, ജയ് ഹനുമാന്‍' എന്നു വിളിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായി. പോലിസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അന്‍സാരിയെയും രണ്ടു സുഹൃത്തുക്കളെയും ധട്കിദി തടഞ്ഞുവയ്ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടെങ്കിലും അന്‍സാരിയെ ഹിന്ദുത്വ ആള്‍ക്കൂട്ടം കെട്ടിയിട്ടു രാത്രി മുഴുവന്‍ മര്‍ദിച്ചു. പിന്നീട് പോലിസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പോലിസ് കസ്റ്റഡിയിലും യുവാവിന് ക്രൂര മര്‍ദ്ദനമേറ്റതായി ആരോപണമുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെ യുവാവിന്റെ ആരോഗ്യനില വഷളാവുകയും ശനിയാഴ്ച മരിക്കുകയുമായിരുന്നു.

Tags:    

Similar News