പ്രളയക്കെടുതിയില്‍ മുങ്ങി പാകിസ്താന്‍; ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍

നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എന്‍ഡിഎംഎ) കണക്കനുസരിച്ച് ജൂണ്‍ പകുതി മുതല്‍ ഇതുവരെ മഴക്കെടുതിയില്‍ 937 പേര്‍ മരിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്താനിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

Update: 2022-08-26 15:54 GMT

ഇസ്‌ലാമാബാദ്: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ആയിരത്തോളം പേര്‍ മരിക്കുകയും മൂന്നു കോടിയിലേറെ പേര്‍ അഭയമില്ലാതെ കഴിയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് 'ദേശീയ അടിയന്തരാവസ്ഥ' പാകിസ്താന്‍ സര്‍ക്കാര്‍.


നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എന്‍ഡിഎംഎ) കണക്കനുസരിച്ച് ജൂണ്‍ പകുതി മുതല്‍ ഇതുവരെ മഴക്കെടുതിയില്‍ 937 പേര്‍ മരിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്താനിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. രാജ്യത്തുടനീളമുള്ള അരലക്ഷം വീടുകളെ ബാധിച്ച റെക്കോര്‍ഡ് മഴയില്‍ ബലൂചിസ്താനില്‍ 234 പേരും തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ 306 ഉം പേരാണ് മരിച്ചത്.

അതേസമയം, വെള്ളപ്പൊക്ക കെടുതികള്‍ക്കെതിരെ പോരാടുന്നതിന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അന്താരാഷ്ട്ര സഹായം തേടി. പാകിസ്താനില്‍ കനത്ത മഴ തുടരുന്നതിനിടെയാണ് ട്വിറ്ററില്‍ അദ്ദേഹം ലോക രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചത്. ജൂണ്‍ മുതല്‍ പല ഘട്ടങ്ങളിലായി ഉണ്ടായ പ്രളയക്കെടുതിയില്‍ ഇതുവരെ മരണസംഖ്യ 937 ആയി ഉയര്‍ന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

'തുടര്‍ച്ചയായി പെയ്യുന്ന മഴ ശക്തമായ നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്. മഴ സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ എത്രത്തോളമുണ്ടെന്ന് പരിശോധിച്ച് വരികയാണ്.2010ല്‍ ഉണ്ടായ സമാന സാഹചര്യമാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. ഇതുവരെ ലോകരാജ്യങ്ങള്‍ നല്‍കിയ സഹായങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി. ദുരന്തം മറികടക്കാന്‍ തുടര്‍ന്നും എല്ലാ രാജ്യങ്ങളുടേയും സഹായം വേണം'- ഷഹബാസ് ഷെരീഫ് അഭ്യര്‍ത്ഥിച്ചു.

മഴയില്‍ രാജ്യ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ഉള്‍പ്പെടെ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മഴയ്ക്ക് പുറമേ ഉണ്ടാകുന്ന മേഘവിസ്‌ഫോടനങ്ങളും രാജ്യത്തെ സ്ഥിതി വഷളാക്കുന്നുണ്ട്.

Tags:    

Similar News