ന്യൂയോര്‍ക്ക്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ മാര്‍ച്ചില്‍ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൈസര്‍. സര്‍ക്കാരിന്റെ താല്‍പര്യം കണക്കിലെടുത്ത് വാക്‌സിന്‍ ഡോസുകളുടെ നിര്‍മാണം നടന്നുവരുന്നതായി ഫൈസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആല്‍ബര്‍ട്ട് ബൗര്‍ല സിഎന്‍ബിസിയോട് പറഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഒമിക്രോണ്‍ ഉള്‍പ്പെടെ ബാധിക്കുന്നതായാണ് കണക്കുകള്‍. അതുകൊണ്ട് പുതിയ വാക്‌സിന്‍ മാര്‍ച്ചോടെ തയ്യാറാവും. നമുക്ക് ഇത് ആവശ്യമുണ്ടോ എന്ന് എനിക്കറിയില്ല. അത് എങ്ങനെ ഉപയോഗിക്കുമെന്നും എനിക്കറിയില്ല.
നിലവിലെ രണ്ട് വാക്‌സിനുകളും ഒരു ബൂസ്റ്ററും ഒമിക്രോണില്‍നിന്നുള്ള ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളില്‍നിന്ന് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് ബൗര്‍ല പറഞ്ഞു. ലക്ഷമില്ലാത്ത നിരവധി പേരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. അതുകൊണ്ട് ഒമിക്രോണിനെ പ്രതിരോധിക്കുന്നതിന് മാത്രമായിട്ടുള്ള വാക്‌സിന്‍ ഇതിന് പ്രയോജനപ്രദമാവും. ഒമിക്രോണിനെയും മറ്റ് ഉയര്‍ന്നുവരുന്ന വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുന്ന ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ കമ്പനി വികസിപ്പിക്കുകയാണെന്ന് മോഡേണ സിഇഒ സ്‌റ്റെഫാന്‍ ബാന്‍സെല്ലും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു വൈറസിന് പിന്നിലല്ല, വൈറസിന് മുന്നില്‍ നില്‍ക്കാനാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.