രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം: ഇടതുപക്ഷത്തിനെതിരേയുള്ള മല്‍സരമെന്ന് പിണറായി

രാഹുലിന്റേത് ഇടതുപക്ഷത്തെ നേരിടാനുള്ള നീക്കമാണ്. ഇത് തെറ്റായ സന്ദേശം നല്‍കും. മത്സരം പ്രതീകാത്മകമാണെങ്കില്‍ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും പിണറായി വിജയന്‍ പറഞ്ഞു.

Update: 2019-03-31 07:35 GMT

തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം ഇടതുപക്ഷത്തിനെതിരേയുള്ള മല്‍സരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താന്‍ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുകയെന്നും പിണറായി വിജയന്‍ പറഞ്ഞു. രാഹുലിന്റേത് ഇടതുപക്ഷത്തെ നേരിടാനുള്ള നീക്കമാണ്. ഇത് തെറ്റായ സന്ദേശം നല്‍കും. മത്സരം പ്രതീകാത്മകമാണെങ്കില്‍ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും പിണറായി വിജയന്‍ പറഞ്ഞു.

അമേത്തിയില്‍ എംപിയായി തുടരുകയും വയനാട്ടില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോ എന്ന് മല്‍സരിച്ചു കൊണ്ട് പരിശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയില്ല. ഇടതുക്ഷത്തെ നേരിടാന്‍ ആര് വന്നാലും അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ തോല്‍പ്പിക്കാന്‍ ഇടത് മുന്നണിക്ക് കഴിയും. ഇനിയുള്ള പരിശ്രമമെന്നും അതിനു വേണ്ടിയെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്നത് കൊണ്ട് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ബിജെപി മത്സരിക്കുന്ന പ്രദേശങ്ങള്‍ വേറെയുണ്ട്. അവിടെ മല്‍സരിക്കാമല്ലോ. കേരളത്തിലേക്ക് വരുമ്പോള്‍ അത് ഇടതുപക്ഷത്തിനെതിരേയുള്ള മത്സരമായി മാത്രമേ കാണാന്‍ കഴിയൂ. കേരളത്തില്‍ വന്ന് ഇടതുപക്ഷത്തോട് മത്സരിച്ചാല്‍ ബിജെപിക്കെതിരാണെന്നു പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇടതുപക്ഷത്തെ നേരിടാന്‍ വേണ്ടി രാഹുല്‍ ഗാന്ധി വരുന്നതിന്റെ പ്രത്യേകത നേരത്തെയും ചൂണ്ടികാണിച്ചത്. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥിയുണ്ടെങ്കിലും ബിജെപിക്കെതിരേയുള്ള മത്സരമാവില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News