പ്ലസ്‌വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; നാളെ വരെ തിരുത്തലുകള്‍ വരുത്താന്‍ അവസരം
www.hscap.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി അപേക്ഷകര്‍ക്ക് ലിസ്റ്റ് പരിശോധിക്കാം. നാളെ (മെയ് 21) വരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാന്‍ അവസരമുണ്ടാവും. ഓപ്ഷനുകള്‍ ഉള്‍പ്പടെയുള്ള തിരുത്തലുകള്‍ വരുത്താം.
തിരുവനന്തപുരം: പ്ലസ്‌വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.hscap.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി അപേക്ഷകര്‍ക്ക് ലിസ്റ്റ് പരിശോധിക്കാം. നാളെ (മെയ് 21) വരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാന്‍ അവസരമുണ്ടാവും. ഓപ്ഷനുകള്‍ ഉള്‍പ്പടെയുള്ള തിരുത്തലുകള്‍ വരുത്താം. തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ നിശ്ചിത മാതൃകയില്‍ അനുബന്ധരേഖകള്‍ സഹിതം നാളെ വൈകീട്ട് നാലുമണിക്ക് മുമ്പ് നേരത്തെ അപേക്ഷ നല്‍കിയ സ്‌കൂളില്‍ സമര്‍പ്പിക്കണം.
അപേക്ഷയില്‍ വിദ്യാര്‍ഥിയുടെ അപേക്ഷാ നമ്പരും പേരും എസ്എസ്എല്‍സി രജിസ്റ്റര്‍ നമ്പരും വിദ്യാര്‍ഥിയുടെ ഒപ്പും രക്ഷകര്‍ത്താവിന്റെ ഒപ്പും തിരുത്തേണ്ട വിവരങ്ങളുടെ വിശദാംശങ്ങളുമുണ്ടാവും. അലോട്ട്‌മെന്റിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങള്‍, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങള്‍, താമസിക്കുന്ന പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തെറ്റായ വിവരങ്ങളുണ്ടെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.
24നാണ് ആദ്യ അലോട്ട്‌മെന്റ്. ഈമാസം 31ന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂണ്‍ മൂന്നിന് പ്ലസ്‌വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരണം നടത്തിയിരിക്കുന്നത്. ജൂണ്‍ മൂന്ന് മുതല്‍ ജൂലൈ അഞ്ച് വരെയാണ് സപ്ലിമെന്ററി ഘട്ട പ്രവേശന നടപടികള്‍ക്കുള്ള സമയം. ജൂലൈ അഞ്ചിന് പ്ലസ്‌വണ്‍ പ്രവേശന നടപടികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.