വരനെ കിട്ടിയില്ല; വിവാഹ വസ്ത്രത്തിലുള്ള വധുവിനെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍ പോലിസിന്റെ ക്രൂരത (വീഡിയോ)

വരനെ തേടിയെത്തിയ പോലിസ് സംഘം ഇദ്ദേഹത്തെ കിട്ടാത്തതിനെതുടര്‍ന്നാണ് വധുവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. വെളുത്ത വിവാഹ ഗൗണ്‍ ധരിച്ച യുവതിയെ പോലിസ് കാറില്‍ കയറ്റിക്കൊണ്ടു പോവുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Update: 2022-08-29 14:18 GMT

ജറൂസലം: ജനീന് സമീപമുള്ള അറാബ പട്ടണത്തില്‍ വിവാഹച്ചടങ്ങിലേക്ക് ഇരച്ചുകയറിയ ഇസ്രായേല്‍ അധിനിവേശ പോലിസ് വിവാഹ വസ്ത്രത്തിലുള്ള ഫലസ്തീന്‍ യുവതിയെ അറസ്റ്റ് ചെയ്തു.

വരനെ തേടിയെത്തിയ പോലിസ് സംഘം ഇദ്ദേഹത്തെ കിട്ടാത്തതിനെതുടര്‍ന്നാണ് വധുവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. വെളുത്ത വിവാഹ ഗൗണ്‍ ധരിച്ച യുവതിയെ പോലിസ് കാറില്‍ കയറ്റിക്കൊണ്ടു പോവുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അറാബ പട്ടണത്തിലെ അല്‍ആസ്വിലയില്‍ നടന്ന വിവാഹ പാര്‍ട്ടിയിലേക്ക് ഇസ്രായേല്‍ പോലിസും പ്രത്യേക യൂണിറ്റ് സൈന്യവും ഇരച്ചുകയറി, വരന് പകരം വധുവിനെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പോലിസും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു.


അനധികൃതമായി ആയുധം കൈവശം വെച്ചെന്ന് സംശയിക്കുന്ന വരന്‍ തന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി നഗരത്തിന് പുറത്ത് താമസിക്കുന്നതിനുള്ള നിരോധന ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ചാണ് സയണിസ്റ്റ് സൈന്യത്തിന്റെ ഈ അതിക്രമം.

വരനെ പിടികൂടാന്‍ പോലിസ് എത്തിയപ്പോള്‍ വധുവും മറ്റുള്ളവരും ചേര്‍ന്ന് വരനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം അവര്‍ നശിപ്പിച്ചു, അവര്‍ എന്താണ് പറയുന്നതെന്ന് തനിക്ക് അറിയില്ലെന്നും വധു ചാനല്‍ 12നോട് പറഞ്ഞു.കൃത്യമായ കാരണമില്ലാതെ ബോംബും വാതകങ്ങളും പ്രയോഗിക്കുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ കാടത്ത സമീപനത്തിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് അഭിഭാഷകനായ ശാദി ദബാഹ് പറഞ്ഞു. അറസ്റ്റ് ചെയ്തതിനെ സംബന്ധിച്ച് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News