സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ വെടിവയ്പ്; 13 പേര്‍ കൊല്ലപ്പെട്ടു
പരിക്കേറ്റ പ്രതിഷേധക്കാരെ ചികില്‍സിച്ചിരുന്ന ഖാര്‍ത്തൂമിലെ ഈസ്റ്റ് നൈല്‍ ഹോസ്പിറ്റലില്‍ കടന്നു കയറി സൈന്യം വെടിയുതിര്‍ത്തതായും ഡോക്ടര്‍മാര്‍ ആരോപിച്ചു.
ഖാര്‍തൂം: സുഡാനില്‍ സിവിലിയന്‍ ഭരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ 13 പേര്‍ കൊലപ്പെട്ടതായി റിപോര്‍ട്ട്. വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രക്ഷോഭകരുമായി അടുത്ത ബന്ധമുള്ള സുഡാനി ഡോക്ടര്‍മാരുടെ കേന്ദ്ര കമ്മിറ്റിയാണ് അറിയിച്ചത്.
പരിക്കേറ്റ പ്രതിഷേധക്കാരെ ചികില്‍സിച്ചിരുന്ന ഖാര്‍ത്തൂമിലെ ഈസ്റ്റ് നൈല്‍ ഹോസ്പിറ്റലില്‍ കടന്നു കയറി സൈന്യം വെടിയുതിര്‍ത്തതായും ഡോക്ടര്‍മാര്‍ ആരോപിച്ചു.
സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പ്രതിഷേധം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തത്. സൈനിക ആസ്ഥാനത്തിനു പുറത്തെ നൈല്‍ സ്ട്രീറ്റ് പൂര്‍ണ്ണമായും കൊട്ടിയടക്കാന്‍ ശ്രമിച്ച സുരക്ഷ ഉദ്യോസ്ഥരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.
ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് സംഭവ സമയത്ത് പ്രദേശത്തുണ്ടായിരുന്നത്. ഇവരെ തുരത്താന്‍ എല്ലാ വശങ്ങളിലൂടെയും വളഞ്ഞ സൈന്യം പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
നീണ്ട ജനകീയ പ്രക്ഷോഭത്തിലൂടെ ഏകാധിപതി പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കിയതിനു പിന്നാലെ സൈന്യം അധികാരം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഒരു ജനകീയ സര്‍ക്കാറിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ട്് സൈന്യത്തിനെതിരെ സമരം തുടരുകയാണ്. വെടിവെപ്പ് നടന്ന സൈനിക ആസ്ഥാനത്തിനു മുമ്പിലാണ് പ്രതിഷേധക്കാര്‍ പ്രധാനമായും പ്രക്ഷോഭം നടത്തുന്നത്. ഇവിടം വിടണമെന്ന സൈന്യത്തിന്റെ മുന്നറിയിപ്പ് പ്രക്ഷോഭകര്‍ അവഗണിക്കുകയായിരുന്നു. സുഡാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കവിഞ്ഞിട്ടുണ്ട്. അതേസമയം, വെടിവയ്പിനെ യുഎന്‍ ശക്തമായി അപലപിച്ചു.