രാജ്യത്ത് സാമ്പത്തികഭദ്രത തകരുന്നതായി ആര്‍ബിഐ സര്‍വേ

രാജ്യം 2012ല്‍ ആഭിമുഖീകരിച്ച തൊഴിലില്ലായ്മയ്ക്കുശേഷം ജനങ്ങള്‍ പ്രതികരിക്കുന്നത് ഇപ്പോഴാണ്. സപ്തംബറില്‍ നടത്തിയ സര്‍വേയില്‍ 52.5 ശതമാനം പേരും രാജ്യത്തെ തൊഴില്‍സാഹചര്യത്തെ വിമര്‍ശിച്ചു.

Update: 2019-10-06 07:07 GMT

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴില്‍സാഹചര്യവും സാമ്പത്തികാവസ്ഥയും തകരുന്നതായി റിസവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കള്‍ക്കിടയില്‍ ആര്‍ബിഐ നടത്തിയ പ്രതിമാസ കോണ്‍ഫിഡന്‍സ് സര്‍വേയിലാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകളുള്ളത്. ഇതുകൂടാതെ നിര്‍മാണക്കമ്പനികളുടെ ഓര്‍ഡര്‍ ബുക്കുകള്‍ ശോഷിച്ചുവരുന്നതുള്‍പ്പടെ നിലവിലെ മാന്ദ്യത്തിന്റെ കാഠിന്യം കാണിക്കുന്ന പല കണക്കുകളുമുണ്ട് സര്‍വേ റിപോര്‍ട്ടില്‍. രാജ്യം 2012ല്‍ ആഭിമുഖീകരിച്ച തൊഴിലില്ലായ്മയ്ക്കുശേഷം ജനങ്ങള്‍ പ്രതികരിക്കുന്നത് ഇപ്പോഴാണ്. സപ്തംബറില്‍ നടത്തിയ സര്‍വേയില്‍ 52.5 ശതമാനം പേരും രാജ്യത്തെ തൊഴില്‍സാഹചര്യത്തെ വിമര്‍ശിച്ചു.

തങ്ങളുടെ വരുമാനം കുറയുകയാണെന്ന് 26.7 ശതമാനം പേരും രേഖപ്പെടുത്തി. അതേസമയം, 2013ല്‍ അഭിമുഖീകരിച്ച സാമ്പത്തികപ്രതിസന്ധിക്കുശേഷമുള്ള ഏറ്റവും മോശം കാലാവസ്ഥയാണ് ഈ സപ്തംബറില്‍ അവസാനിച്ചത്. രാജ്യത്തെ മൊത്തം സാമ്പത്തികാവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 47.9 പേരും അഭിപ്രായപ്പെട്ടു. വരുംവര്‍ഷങ്ങളിലും സാമ്പത്തികാവസ്ഥ മെച്ചപ്പെടില്ലെന്ന് 38.6 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ വാഹനവിപണിയടക്കമുള്ള പല മേഖലകളും പ്രതിസന്ധിയിലാണ്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഭോപ്പാല്‍, ഗുവാഹത്തി, ജയ്പൂര്‍, ലഖ്‌നോ, പട്‌ന, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് സര്‍വേ നടത്തിയത്. കയറ്റുമതിയിലും ഇറക്കുമതിയിലും ശുഭാപ്തിവിശ്വാസം കുറഞ്ഞുവരികയാണെന്ന് സര്‍വേ വിലയിരുത്തുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്തൃ ആത്മവിശ്വാസ സര്‍വേയിലും ആശങ്കാജനകമായ നിഗമനങ്ങളാണുള്ളത്. സപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഉപഭോക്തൃ ആത്മവിശ്വാസം ദുര്‍ബലമായി. ജനങ്ങള്‍ക്കു പൊതുവേ വരുമാനകാര്യത്തില്‍ ശുഭാപ്തിവിശ്വാസം കുറവാണ്. അടുത്ത മൂന്നുമാസത്തിനുള്ളില്‍ പൊതുവില ഉയരുമെന്ന് കൂടുതല്‍ പേരും ഭയപ്പെടുന്നതായും സര്‍വേ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News