'മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്നു'; മുസ്‌ലിം ലീഗിനെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടിസ്
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനുമാണ് നോട്ടീസ്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. സയ്യദ് വസിം റിസ്‌വി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിലാണ് ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.
ന്യൂഡല്‍ഹി: മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടീസയച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനുമാണ് നോട്ടീസ്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. സയ്യദ് വസിം റിസ്‌വി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിലാണ് ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.
ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടുതേടാന്‍ പാടില്ല. എന്നാല്‍, മുസ്‌ലിം ലീഗ് ഉള്‍പ്പടെ ചില സംസ്ഥാന പാര്‍ട്ടികളുടെ പേരില്‍ മതത്തിന്റെ പേരുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയില്‍ മതപരമായ ചിഹ്നവുമുണ്ട്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, ജനപ്രതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമല്ലെ ബാധകമെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിക്കും നിബന്ധന ബന്ധകമാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.
കേരളത്തില്‍ നിന്ന് മുസ്‌ലിം ലീഗിന് ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങളുണ്ട്. അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണംതന്നെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷനോടും കേന്ദ്ര സര്‍ക്കാരിനോടും ഒക്ടോബര്‍ 18നകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. മുസ്‌ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേസില്‍ കക്ഷിചേരാന്‍ സുപ്രിം കോടതി അനുമതി നല്‍കി.