യുവാവിന്റെ കൊലപാതകം: 16 ലക്ഷത്തിന് കൊലയാളികളെ വാടകയ്‌ക്കെടുത്ത ഭാര്യ പിടിയില്‍
അവിഹിത ബന്ധമുണ്ടായിരുന്ന ജോഗേന്ദര്‍ കാമുകിയെ വിവാഹം കഴിച്ച് സ്വത്തുക്കള്‍ അവളുടെ പേരിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും ഇതു തടയാനാണ് സ്വീറ്റി കൊലപാതകം ആസുത്രണം ചെയ്തതെന്നും പോലിസ് പറഞ്ഞു.
ഗുരുഗ്രാം: കഴിഞ്ഞ ആഴ്ച യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയ ഭാര്യ ഉള്‍പ്പെടെ ഏഴു പേരെ പോലിസ് അറസ്റ്റ് ചെയ്തു. 37കാരനായ ജോഗേന്ദര്‍ സിങാണ് ഈ മാസം 15ന് രാത്രി കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്കു ശേഷം ഗുരുഗ്രാമിലെ ബാജ്‌ഗേരയിലെ മലയിടുക്കില്‍നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. കോട്ടണ്‍ ബാഗിലാക്കി കയറു കൊണ്ട് കെട്ടി വരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ നിരവധി മാരക മുറിവകളും ഏറ്റിരുന്നു.
സംഭവത്തിനു പിന്നാലെ ഭാര്യ സ്വീറ്റിയേയും സഹോദരങ്ങളെയും പോലിസ് ചോദ്യം ചെയ്യലിന് വിധേയമാക്കിയതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. അവിഹിത ബന്ധമുണ്ടായിരുന്ന തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൊലയാളികളെ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന് യുവതി കുറ്റസമ്മതം നടത്തി. കൊലയാളികള്‍ക്ക് യുവതി 16 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതെന്ന് പോലിസ് പറഞ്ഞു. ജോഗേന്ദര്‍ സിങും ഭാര്യ സ്വീറ്റിയും ഹരിയാനയിലെ ജാജ്ജര്‍ ജില്ലയിലെ ഗ്രാമത്തില്‍നിന്നുള്ളവരാണ്.
അവിഹിത ബന്ധമുണ്ടായിരുന്ന ജോഗേന്ദര്‍ കാമുകിയെ വിവാഹം കഴിച്ച് സ്വത്തുക്കള്‍ അവളുടെ പേരിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും ഇതു തടയാനാണ് സ്വീറ്റി കൊലപാതകം ആസുത്രണം ചെയ്തതെന്നും പോലിസ് പറഞ്ഞു. ജനുവരി 17ന് ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി യുവതി പോലിസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികള്‍, ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്.അറസ്റ്റിലായ പ്രതികളെ ഗുരുഗ്രാം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.