ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി
പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. 20 മിനിറ്റോളം പ്രതിയുടെ അക്രമത്തെ പ്രതിരോധിച്ചുനിന്നു. ഒടുവില്‍ സ്വയരക്ഷയെന്നോണം കട്ടിലിനടിയില്‍ കിടന്നിരുന്ന അരിവാളുപയോഗിച്ച് പ്രതിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റുകയായിരുന്നു.
ഭോപാല്‍: വീട്ടില്‍ അതിക്രമിച്ച് കയറി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പുരുഷന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. മധ്യപ്രദേശ് സിദ്ധി ജില്ലാ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഉമരിഹ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ 45 കാരിയും 13 വയസുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചില ജോലികള്‍ക്കായി ഭര്‍ത്താവ് പുറത്തുപോയിരിക്കുകയായിരുന്നു. ഈ സമയത്താണ് 45കാരന്‍ വീട്ടില്‍ അതിക്രമിച്ച് കയറിയത്. കള്ളനാണെന്ന് കരുതി മകന്‍ പുറത്തേക്കോടി രക്ഷപ്പെട്ടു.
പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. 20 മിനിറ്റോളം പ്രതിയുടെ അക്രമത്തെ പ്രതിരോധിച്ചുനിന്നു. ഒടുവില്‍ സ്വയരക്ഷയെന്നോണം കട്ടിലിനടിയില്‍ കിടന്നിരുന്ന അരിവാളുപയോഗിച്ച് പ്രതിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് യുവതി തന്നെ ഇക്കാര്യം പോലിസ് ഔട്ട്‌പോസ്റ്റിലെത്തി അറിയിക്കുകയും പ്രതിക്കെതിരേ രേഖാമൂലം പരാതി നല്‍കുകയുമായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് പരാതിയുമായി യുവതി പോലിസിനെ സമീപിച്ചതെന്ന് ഖാദി പോലിസ് ഔട്ട്‌പോസ്റ്റ് ഇന്‍ചാര്‍ജ് എസ്‌ഐ ധര്‍മേന്ദ്ര സിങ് രജ്പുത് പറഞ്ഞു.
പോലിസെത്തിയാണ് പ്രതിയെ പ്രഥമശുശ്രൂഷയ്ക്കായി ആശുപത്രിയിലെത്തിച്ചത്. അതിനുശേഷം ഇയാളെ സിദ്ധി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം കൂടുതല്‍ ചികില്‍സയ്ക്കായി രേവ ജില്ലയിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് എസ്‌ഐ വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകടക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. യുവതിക്കെതിരേ പ്രതിയും പരാതി നല്‍കിയിട്ടുണ്ടെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.