പി സി അബ്ദുല്ല
കോഴിക്കോട്: മുസ്‌ലിം ലീഗില്‍ വനിതകള്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കെ, ഇന്ന് നടക്കുന്ന യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും വിവാദത്തില്‍. വനിതാ ലീഗിന്റെയോ ഹരിതയുടെയോ ഒരു പ്രതിനിധിയെ പോലും പങ്കെടുപ്പിക്കാതെയാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം. കോഴിക്കോട് ബീച്ച് റോഡില്‍ ടാഗോര്‍ സെന്റിനറി ഹാളിന് എതിര്‍വശത്താണ് യൂത്ത് ലീഗ് മന്ദിരം നിര്‍മിച്ചത്. രാവിലെ 10.30നാണ് പരിപാടി. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയില്‍ ഇന്ന് പ്രസിദ്ധീകരിച്ച കാര്യപരിപാടിയിലും നൂര്‍ബീനാ റഷീദ് അടക്കമുള്ള വനിതാ നേതാക്കള്‍ക്ക് ഇടമില്ല. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഉദ്ഘാടകന്‍.
മുസ്‌ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വാങ്ങിയ പത്തര സെന്റ് സ്ഥലത്താണ് 12,000 സ്‌ക്വയര്‍ ഫീറ്റില്‍ അധുനിക സൗകര്യങ്ങളോടെയാണ് നാലുനില കെട്ടിടം പണി പൂര്‍ത്തിയായത്. റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, സ്മാര്‍ട്ട് ട്രെയിനിങ് സെന്റര്‍, ലൈബ്രറി, ഓഡിറ്റോറിയം, മീഡിയാ റൂം തുടങ്ങി യുവജന ശാക്തീകരണത്തിനാവശ്യമായ ആധുനിക സംവിധാനങ്ങളും ഓഫിസില്‍ സജ്ജമാണ്. 2019 സപ്തംബര്‍ അഞ്ചിനാണ് ഓഫിസ് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടന്നത്.
അതേസമയം, യൂത്ത് ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടന പരിപാടിയില്‍ തങ്ങളുടെ പേര് ഉള്‍പ്പെടുത്താത്തതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് അഡ്വ. നൂര്‍ബിന റഷീദ് തേജസ് ന്യൂസിനോട് പറഞ്ഞു. പി കെ ഫിറോസ് ആവശ്യപ്പെട്ടത് പ്രകാരം പരിപാടിയില്‍ പങ്കെടുക്കും. എന്നാല്‍, കാര്യപരിപാടിയില്‍ തങ്ങളെ ഉള്‍പ്പെടുത്താതിരുന്നത് വിവേചനമാണ്. പാര്‍ട്ടി ഫോറത്തില്‍ ഇതുസംബന്ധിച്ച് പ്രതിഷേധം അറിയിക്കും. അതിനു തയ്യാറെടുത്താണ് പരിപാടിയില്‍ സംബന്ധിക്കുന്നതെന്നും നൂര്‍ബിന പറഞ്ഞു.