ചോദ്യങ്ങള്‍ ചോദിക്കാത്ത മാധ്യമ പ്രവര്‍ത്തകര്‍ തന്റെ ഭാഗ്യം: നരേന്ദ്രമോദി

Update: 2019-04-05 10:23 GMT

ന്യൂഡല്‍ഹി: അഞ്ചുവര്‍ഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടും തന്നോട് ചോദ്യങ്ങളൊന്നും ചോദിക്കാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ ചാനലായ എബിപി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകര്‍ തന്നോട് ചോദ്യം ചോദിക്കാത്തത് ഭാഗ്യമായി കരുതുന്നുവെന്നാണ് മോദി പറഞ്ഞത്.

എബിപി ന്യൂസിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനങ്ങളുയര്‍ന്നു. ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരു അവസരം നല്‍കുവെന്നാണ് സോഷ്യല്‍ മീഡിയ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ മോദിയുടെ പ്രസ്താവനയെ കണക്കിന് പരിഹസിക്കുകയാണ്.

നരേന്ദ്രമോദിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനം വിമര്‍ശനത്തിന് ഇടയായിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ പ്രസ്താവന. അധികാരത്തിലെത്തിയശേഷം ഒരു വാര്‍ത്താസമ്മേളനം പോലും അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രിയാണ് മോദി. മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ മുഖാമുഖമുള്ള അഭിമുഖങ്ങള്‍ക്ക് ഇടനല്‍കാതെയായിരുന്നു മോദിയുടെ അഞ്ചുവര്‍ഷക്കാലത്തെ ഭരണം. കൂടാതെ മോദി വിരുദ്ധത ആരോപിച്ചതിന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങേണ്ടിവന്നിട്ടുമുണ്ട്. എബിപി ന്യൂസില്‍ നിന്നു തന്നെ മൂന്നിലധികം മാധ്യമപ്രവര്‍ത്തകരാണ് മോദി വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ടത്.


Tags:    

Similar News