സില്‍വര്‍ ലൈന്‍ സങ്കീര്‍ണ പദ്ധതി, തിരക്ക് വേണ്ട; കേന്ദ്ര റെയില്‍വേ മന്ത്രി രാജ്യസഭയില്‍

Update: 2022-03-24 19:20 GMT

ന്യൂഡല്‍ഹി: കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതി വളരെ സങ്കീര്‍ണമായ പദ്ധതിയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സില്‍വര്‍ ലൈന് ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ട്. പദ്ധതി നടപ്പാക്കാന്‍ തിടുക്കം കാട്ടരുതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് പ്രധാനമന്ത്രിക്ക് അനുകൂല നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് റെയില്‍വേ മന്ത്രി തിടുക്കംകാട്ടരുതെന്ന് രാജ്യസഭയില്‍ വ്യക്തമാക്കിയത്. റെയില്‍വെ മന്ത്രാലയത്തിന്‍മേലുള്ള ബജറ്റ് ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്, ബിജെപി, സിപിഎം അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

അനുമതി നല്‍കുന്നതില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിച്ച് ഉചിതമായ തീരുമാനമെടുക്കും. പദ്ധതിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തുക ആവശ്യമായി വരും. 65,000 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കേരളം കാണിച്ചിരിക്കുന്നതെങ്കിലും അത് ഒരുലക്ഷം കോടി കടക്കും. സില്‍വര്‍ ലൈന്‍ റെയില്‍പാതയില്‍ മറ്റു ട്രെയിനുകള്‍ ഓടിക്കാന്‍ പറ്റില്ല. സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് നിര്‍മിക്കുകയെങ്കില്‍ ബ്രോഡ്‌ഗേജ് വണ്ടികള്‍ ഓടിക്കാന്‍ പറ്റില്ല. വേറെയും കുറെ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ക്ക് പുറമെ ആവാസ വ്യവസ്ഥയുടെ പ്രശ്‌നങ്ങളും പാരിസ്ഥിതികപ്രശ്‌നങ്ങളുമുണ്ട്. ജനങ്ങളുടെ പ്രതിഷേധവുമുണ്ട്.

വളരെ സംവേദനക്ഷമതയോടെ വ്യവസ്ഥാപിതമായി ശരിയായി ആലോചിച്ച് മുന്നോട്ടുപോവണമെന്നാണ് കേരളത്തില്‍ നിന്നുള്ള എല്ലാ കക്ഷികളിലുംപ്പെട്ട സഹോദരങ്ങളോടുള്ള തന്റെ അപേക്ഷ'' മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനം എന്താണെങ്കിലും അത് നീതിപൂര്‍വകമാവും. മനസില്‍ ഒരു സംശയവും വേണ്ട. ആ തീരുമാനം കേരളത്തിന്റെ താല്‍പര്യം കണക്കിലെടുത്തായിരിക്കുമെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള സിപിഎം, സിപിഐ അംഗങ്ങളെ നിരാശപ്പെടുത്തിയ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ മറുപടിയെ കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ ഡസ്‌കിലടിച്ചാണ് വരവേറ്റത്.

Similar News