നീലേശ്വരം അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം

Update: 2024-10-29 14:45 GMT

കാസര്‍കോഡ്: കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസര്‍കോട് ജില്ലാ പോലിസ് മേദാവി ഡി ശില്‍പ അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുകയെന്നും എല്ലാ ഭാഗങ്ങളും പരിശോധിക്കുമെന്നും ഡി ശില്‍പ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പടക്കം പൊട്ടിച്ച സ്ഥലത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചത്.

പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തുവണ മാറ്റിയതില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടു പിന്നില്‍ തന്നെ പടക്കം പൊട്ടിക്കാന്‍ എടുത്ത തീരുമാനമാണ് ദുരന്തം ക്ഷണിച്ചു വരുത്തിയതെന്നാണ് പോലിസ് നിഗമനം. ദൂരപരിധി ഉള്‍പ്പെടെ പാലിക്കാതെയാണ് പടക്കം പൊട്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതില്‍ ഏഴു പേരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ്. പടക്കം പൊട്ടിക്കാന്‍ കരാറെടുത്ത രാജേഷ് എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറിയെയും പ്രസിഡന്റിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അപകടത്തില്‍ 154പേര്‍ക്കാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെയുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കലവറയിലേക്ക് വീണ് ഉഗ്രസ്‌ഫോടനം ഉണ്ടാവുകയായിരുന്നു. പരിക്കേറ്റ് വിവിധ ആശുപത്രികളിലുള്ള 15 പേരുടെ പരിക്ക് ഗുരുതരവും 5 പേരുടെ നില അതീവ ഗുരുതരവുമാണ്. അഞ്ചുപേരും വെറ്റിലേറ്ററിലാണ്. അപകട സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി.




Tags:    

Similar News