'ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിര്‍ത്തണം'; വര്‍ഗീയ പ്രചാരണം ഏറ്റെടുത്ത് മോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച ഗായിക അനുരാധ പൗഡ് വാള്‍
ന്യൂഡല്‍ഹി: ഹിജാബ്, ഹലാല്‍ വിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നാലെ സംഘപരിവാരം ബാങ്ക് വിളിക്കെതിരേ ആരംഭിച്ച വര്‍ഗീയ പ്രചാരണം ഏറ്റെടുത്ത് മോദി അനുകൂലി കൂടിയായ ഗായിക അനുരാധ പൗഡ് വാള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച അനുരാധ പൗഡ് വാള്‍ ബിജെപി ഓഫിസ് സന്ദര്‍ശിച്ച് സഹകരണം വാഗ്ദാനം ചെയ്തിരുന്നു. ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഗായിക ഇപ്പോള്‍ ഹിന്ദുത്വരുടെ വര്‍ഗീയ കാംപയിനും ഏറ്റെടുത്തിരിക്കുകയാണ്.
താന്‍ ഒരു മതത്തിനും എതിരല്ലെന്ന് പറഞ്ഞാണ് മുസ് ലിംകള്‍ക്കെതിരായ വര്‍ഗീയ പ്രചാരണം അവര്‍ ഏറ്റെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
'ഞാന്‍ ലോകത്തിലെ പല സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലല്ലാതെ മറ്റെവിടെയും ഇങ്ങനെ സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ഒരു മതത്തിനും എതിരല്ല, പക്ഷെ അത് ഇവിടെ ബലമായി പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. അവര്‍ മസ്ജിദില്‍ നിന്ന് ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നു. അപ്പോള്‍ മറ്റ് കമ്മ്യൂണിറ്റികള്‍ അവര്‍ക്ക് ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് ചോദ്യം ഉന്നയിക്കും ' അനുരാധ പറയുന്നു.
'ഞാന്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. അവിടെയൊക്കെ ഉച്ചഭാഷിണികള്‍ക്ക് നിരോധനമുണ്ട്. മുസ്‌ലിം രാജ്യങ്ങള്‍ അതിനെ നിരുത്സാഹപ്പെടുത്തുമ്പോള്‍, ഇന്ത്യയില്‍ അത്തരം ആചാരങ്ങളുടെ ആവശ്യകത എന്താണ്? ഈ രീതി തുടര്‍ന്നാല്‍ ആളുകള്‍ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ തുടങ്ങുമെന്നും' അനുരാധ പറഞ്ഞു.
യുവതലമുറയെ ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് പഠിപ്പിക്കണം. രാജ്യത്തെ സംസ്‌കാരത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് പഴയ തലമുറയുടെ ഉത്തരവാദിത്തമാണ്. ആദിശങ്കരാചാര്യരാണ് നമ്മുടെ മതനേതാവെന്ന് അവര്‍ അറിയണം. പോപ്പിനെ തങ്ങളുടെ മതനേതാവായി ക്രിസ്ത്യാനികള്‍ക്ക് അറിയാമല്ലോ. അതുകൊണ്ടാണ് നമ്മുടെ മതത്തെയും സംസ്‌കാരത്തെയും കുറിച്ച് നമ്മള്‍ അറിയേണ്ടത്. നമുക്കുള്ള നാല് വേദങ്ങളെയും 18 പുരാണങ്ങളെയും നാല് മഠങ്ങളെയും കുറിച്ച് നാം അറിഞ്ഞിരിക്കണം. നമ്മള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങളാണിവ,' അനുരാധ വ്യക്തമാക്കി.