പോലിസിനെതിരേ ആയുധമെടുക്കാന്‍ ആഹ്വാനം: ബിജെപി നേതാക്കള്‍ക്കെതിരേ കേസ്
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല, പോലിസുകാരാണ് നമ്മുടെ പ്രതിയോഗികളെന്നും അവരോടാണ് ഏറ്റുമുട്ടേണ്ടതെന്നുമായിരുന്നു കലോസോനാ മൊണ്ടാളിന്റെ ആഹ്വാനം. ഓരോ സ്ത്രീയും പോലിസിനെതിരേ ആയുധമെടുക്കാന്‍ തയ്യാറാവണമെന്നായിരുന്നു ലോക്കറ്റ് ചാറ്റര്‍ജി അണികളോട് ആവശ്യപ്പെട്ടത്.
കൊല്‍ക്കത്ത: പോലിസിനെതിരേ ആയുധമെടുത്തു പോരാടാന്‍ അണികളോട് ആഹ്വാനം ചെയ്ത പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തു. ഭിര്‍ഭൂമില്‍ നിന്നുള്ള ബിജെപി നേതാവ് കലോസോനാ മൊണ്ടാളും മഹിളാ മോര്‍ച്ച അധ്യക്ഷ ലോക്കറ്റ് ചാറ്റര്‍ജിയുമടക്കം അഞ്ചു നേതാക്കള്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്. ഭിര്‍ഭൂമില്‍ ഞായറാഴ്ച സംഘടിപ്പിച്ച റാലിയിലാണ് നേതാക്കള്‍ പോലിസിനെതിരേ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല, പോലിസുകാരാണ് നമ്മുടെ പ്രതിയോഗികളെന്നും അവരോടാണ് ഏറ്റുമുട്ടേണ്ടതെന്നുമായിരുന്നു കലോസോനാ മൊണ്ടാളിന്റെ ആഹ്വാനം. ഓരോ സ്ത്രീയും പോലിസിനെതിരേ ആയുധമെടുക്കാന്‍ തയ്യാറാവണമെന്നായിരുന്നു ലോക്കറ്റ് ചാറ്റര്‍ജി അണികളോട് ആവശ്യപ്പെട്ടത്. 'സര്‍ക്കാരിനെയും മറ്റുള്ളവരെയും കാത്തിരുന്നാല്‍ നമുക്കൊന്നും ചെയ്യാനാവില്ല. അതിനാല്‍ ആയുധമെടുത്തു അക്രമത്തിനിറങ്ങാന്‍ ഓരോ സ്ത്രീയും സന്നദ്ധമാവണം. ഇതു മാത്രമാണു നമുക്കു മുന്നിലുള്ള വഴി'. ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞു. പോലിസിനെതിരേ താക്കീതുമായി നേരത്തെയും സംഘപരിവാര നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കെതിരായ കേസുകളെടുക്കുന്ന പോലിസുകാര്‍ എന്നെങ്കിലുമൊരിക്കല്‍ പോലിസ് യൂനിഫോം അഴിച്ചുവെക്കേണ്ടവരാണെന്നതു ഓര്‍ക്കണമെന്നായിരുന്നു കഴിഞ്ഞ മാസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ ഭീഷണി.