ഡല്‍ഹി വംശീയാക്രമം: 700 കേസുകളിലായി 2,400 പേര്‍ അറസ്റ്റില്‍

വംശീയാക്രമവുമായി ബന്ധപ്പെട്ട് 2,387 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 702 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇതില്‍ 49 എണ്ണം ആയുധ നിരോധന നിയമപ്രകാരമാണ്.

Update: 2020-03-09 05:33 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ മാസം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ഡല്‍ഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട് 700 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 2,400 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡല്‍ഹി പോലിസ്. പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേയുള്ള സംഘപരിവാര്‍ അക്രമത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വംശീയാക്രമവുമായി ബന്ധപ്പെട്ട് 2,387 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 702 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇതില്‍ 49 എണ്ണം ആയുധ നിരോധന നിയമപ്രകാരമാണ്. നഗരത്തില്‍ സമാധാനം സ്ഥാപിക്കുന്നതിനായി പോലിസ് 283 റസിഡന്റ്‌സ് അസോസിയേഷനുകളുമായി ചേര്‍ന്ന് യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അക്രമ സംഭവങ്ങളില്‍ പോലിസ് നിഷ്‌ക്രിയത്വം പാലിച്ചതിനെതിരേ ഡല്‍ഹി ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

വംശീയാക്രമം ആസൂത്രിതവും ഏകപക്ഷീയവുമാണെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ആരോപിച്ചിരുന്നു. പുറത്തുനിന്നുള്ള 2,000ത്തിലധികം ക്രിമിനലുകളെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നതായും, ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായി ആക്രമണം തുടങ്ങുന്നതിനു മുമ്പ് 24 മണിക്കൂറോളം സ്‌കൂളുകളില്‍ പാര്‍പ്പിച്ചിരുന്നതായും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ അവകാശപ്പെട്ടിരുന്നു.

ചാന്ദ്ബാഗ്, ജാഫ്രാബാദ്, ബ്രിജ്പുരി, ഗോകല്‍പുരി, മുസ്തഫാബാദ്, ശിവ് വിഹാര്‍, യമുന വിഹാര്‍, ഭജന്‍പുര, ഖജൂരി എന്നിവയടക്കം പല സ്ഥലങ്ങളും സന്ദര്‍ശിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് സഫറുല്‍ ഇസ്‌ലാം ഖാന്‍ അറിയിച്ചു. വംശഹത്യക്കിരയായ പലരും ബന്ധുവീടുകളിലും മറ്റുമാണ് കഴിയുന്നതെന്നും 100 ലധികം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ് തങ്ങുന്നതെന്നും റിപോര്‍ട്ട് പറയുന്നു. വലിയ സഹായമില്ലാതെ ഈ ഇരകള്‍ക്കാര്‍ക്കും തങ്ങളുടെ വീടുകളും ഉപജീവന മാര്‍ഗങ്ങളും പുനസ്ഥാപിക്കാനാവില്ല. ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒന്നിനും പര്യാപ്തമല്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.  

Tags:    

Similar News