ഇറാന്‍ തിരിച്ചടിക്കുന്നു; യുഎസ് സൈനിക താവളങ്ങളിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം നടന്നതിന് പിന്നാലെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി

Update: 2020-01-08 01:12 GMT
ഇറാന്‍ തിരിച്ചടിക്കുന്നു; യുഎസ് സൈനിക താവളങ്ങളിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രണം നടത്തി. 12ലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് റിപോര്‍ട്ട്. ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം നടന്നതിന് പിന്നാലെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി. ഇറാന്‍ മിസൈലാക്രമണം നടത്തിയതായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിലയിരുത്തലിലാണെന്ന് പെന്റഗണ്‍ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെറും വൈറ്റ് ഹൗസിലെത്തി. ഇതിനിടെ എസ്‌പെര്‍ ഇറാഖ് പ്രധാനമന്ത്രിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. യുഎസിനെതിരേ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് സൈന്യത്തെ കഴിഞ്ഞ ദിവസം ഇറാന്‍ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News