ആക്രമണം യുഎന്‍ ചട്ടപ്രകാരമുള്ള സ്വയം പ്രതിരോധ നടപടി മാത്രമെന്ന് ഇറാന്‍
നമ്മുടെ പൗരന്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഭീരുത്വത്തോടെ ആക്രമണം നടത്തിയ കേന്ദ്രങ്ങള്‍ക്കെതിരേ ഐക്യരാഷ്ട്രസഭയുടെ ചട്ടം 51 പ്രകാരം സ്വയം പ്രതിരോധ നടപടി കൈക്കൊണ്ടു
തെഹ്‌റാന്‍: യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ വിശദീകരണവുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ്. യുഎന്‍ ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്രമാണ് ഇറാന്‍ കൈക്കൊണ്ടതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
'നമ്മുടെ പൗരന്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഭീരുത്വത്തോടെ ആക്രമണം നടത്തിയ കേന്ദ്രങ്ങള്‍ക്കെതിരേ ഐക്യരാഷ്ട്രസഭയുടെ ചട്ടം 51 പ്രകാരം സ്വയം പ്രതിരോധ നടപടി കൈക്കൊണ്ടു' ജവാദ് സരിഫ് ട്വീറ്റ് ചെയ്തു. ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിനോ യുദ്ധത്തിനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആക്രമണത്തിനെതിരേ സ്വയം പ്രതിരോധ നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച സരിഫിന് യുഎസ് വിസ നിഷേധിച്ചിരുന്നു. യുഎസ് സൈന്യത്തേയും പെന്റഗണേയും ഭീകരവാദ സംഘമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയായിരുന്നു ഇത്.
ഇന്ന് പുലര്‍ച്ചെയോടെയാണ് ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നീ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണാനന്തര ചടങ്ങുകള്‍ നടന്നുവരുന്നതിനിടെയായിരുന്നു ആക്രമണം.