രാജീവ് വധക്കേസ് പ്രതി നളിനി പരോളില്‍ ഇറങ്ങി

Update: 2019-07-25 05:57 GMT

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന നളിനി പരോളിലിറങ്ങി. ഒരു മാസത്തെ പരോളാണ് മദ്രാസ് ഹൈക്കോടതി നളിനിക്ക് അനുവദിച്ചിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് നളിനിക്കു പരോള്‍ ലഭിക്കുന്നത്. പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 2016ല്‍ 24 മണിക്കൂര്‍ പരോള്‍ ലഭിച്ചിരുന്നു.

ജയിലില്‍ വച്ചുണ്ടായ മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇത്തവണ പരോള്‍ അനുവദിച്ചിരിക്കുന്നത്. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്. എന്നാല്‍ 27 വര്‍ഷമായി ഇത്തരത്തില്‍ പരോള്‍ ലഭിച്ചിട്ടില്ലെന്നും പരോള്‍ അനുവദിക്കണമെന്നുമായിരുന്നു നളിനിയുടെ ആവശ്യം. ജയില്‍ സുപ്രണ്ടിനു നല്‍കിയ അപേക്ഷയില്‍ തീരുമാനമാവാത്തതിനെ തുടര്‍ന്ന് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് മദ്രാസ് ഹൈക്കോടതി നളിനിക്കു പരോള്‍ അനുവദിച്ചത്. മാധ്യമങ്ങളോടോ, രാഷ്ട്രീയ നേതാക്കളോടോ സംസാരിക്കരുത്, വെല്ലൂര്‍ വിട്ട് പുറത്തു പോവരുത് തുടങ്ങിയ കര്‍ശന നിബന്ധനകളോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

ജൂലൈ അഞ്ചിനാണു കോടതി പരോള്‍ അനുവദിച്ചിരുന്നതെങ്കിലും ഇന്നാണ് പുറത്തിറങ്ങുന്നത്.

1991 മേയ് ഇരുപത്തിയൊന്നിന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ബോംബ് സ്‌ഫോടനത്തിലൂടെ വധിച്ച കേസിലാണ് നളിനി ശിക്ഷ അനുഭവിക്കുന്നത്. അറസ്റ്റിലായതു മുതല്‍ 27 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നളിനി. 

Tags:    

Similar News