ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി പേരറിവാളന് നല്‍കിയ അതേ ഇളവ് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു. രാജീവ് ഗാന്ധിയും മറ്റ് 21 പേരും കൊല്ലപ്പെട്ട സ്‌ഫോടനസമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രതികളിലൊരാളാണ് നളിനി. 2021 മുതല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യത്തിലാണ്.
ഇതേ കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും സമാനമായ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അദ്ദേഹവും മെഡിക്കല്‍ ജാമ്യത്തിലാണ്.
പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവരാണ് രാജീവ്ഗാന്ധി വധക്കേസില്‍ ഇന്ത്യക്കാരായ പ്രതികള്‍. മറ്റുള്ള നാല് പേര്‍ ശ്രീലങ്കക്കാരും എല്‍ടിടിഇ പ്രവര്‍ത്തകരുമാണ്.
1999ല്‍ നളിനി, പേരറിവാളന്‍, മറ്റ് രണ്ട് പേര്‍ എന്നിവരെ കോടതി വധശിക്ഷക്ക് വിധിച്ചു. മറ്റുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
2000ത്തില്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.
മെയ് 18നാണ് പേരറിവാളനെ കോടതി മോചിപ്പിച്ചത്. അതേ ഇളവാണ് നളിനിയും രവിചന്ദ്രനും ആവശ്യപ്പെടുന്നത്.
31 വര്‍ഷമായി ജയിലില്‍ കഴിയുന്നതുകൊണ്ട് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ 2015 മുതല്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്കു മുന്നിലുണ്ട്.