കര്‍ണാടകയില്‍ 10 ബിജെപി എംഎല്‍എമാരെ സസ്‌പെന്റ് ചെയ്തു

Update: 2023-07-19 18:19 GMT

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്കുനേരേ കടലാസ് കീറിയെറിഞ്ഞ് പ്രതിഷേധിച്ച 10 ബിജെപി എംഎല്‍എമാരെ സസ്്‌പെന്റ് ചെയ്തു. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെത്തിയ നേതാക്കളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വയ്ക്കുകയും ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ എംഎല്‍എമാര്‍ കടലാസ് കീറിയെറിയുകയും ചെയ്തതിനാണ് സ്പീക്കര്‍ യുടി ഖാദറാണ് എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുത്തത്. സ്പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലമണി ബുധനാഴ്ച ബജറ്റ് ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് സംഭവം. ഉച്ചഭക്ഷണത്തിന് ഇടവേള അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കര്‍ ചര്‍ച്ചയുമായി മുന്നോട്ടുപോയപ്പോള്‍ ഇതിനെതിരേയും

    ബിജെപി എംഎല്‍എമാര്‍ ബഹളം വച്ചു. സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കിയ ചില എംഎല്‍എമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ കടലാസ് കീറിയെറിയുകയായിരുന്നു. ബഹളം രൂക്ഷമായതോടെ ഡെപ്യൂട്ടി സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചു. എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്ക് പിന്നാലെ സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ബെംഗളൂരുവില്‍ നടന്ന സര്‍ക്കാര്‍ ഇതര പരിപാടിക്ക് ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരേ ബിജെപിയും ജെഡിഎസും രംഗത്തെത്തിയിരുന്നു. എന്നാല്‍, കര്‍ണാടക സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന്റെ ഭാഗമായിട്ടില്ല എന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ മറുപടി നല്‍കിയത്. ബെംഗളൂരുവിലെത്തിയ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും മുന്‍ കേന്ദ്രമന്ത്രിമാരെയും അതിഥികളായാണ് കണ്ടതെന്നും ഇത്തരം വിശിഷ്ടാതിഥികളെ മാത്രം സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്നു സിദ്ധരാമയ്യ വിശദീകരിച്ചെങ്കിലും പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു.

Tags:    

Similar News