രേഖകളില്ലാത്ത 10 കോടി രൂപ പിടികൂടി; വ്യാജപ്രചാരണവുമായി സംഘപരിവാരം; രാഷ്ട്രീയബന്ധമില്ലെന്ന് തമിഴ്‌നാട് പോലിസ്

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായതെന്നാണ് വാര്‍ത്ത. ഇതിനെ, മലയാളത്തിലെ സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമിയും സംഘപരിവാര സാമൂഹിക മാധ്യമ പേജുകളും പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെടുത്തിയാണ് വാര്‍ത്ത വ്യാജവാര്‍ത്തയാക്കിയത്.

Update: 2022-09-30 10:56 GMT

കോഴിക്കോട്: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ രേഖകളില്ലാത്ത 10 കോടി രൂപ പിടികൂടിയതുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണവുമായി സംഘപരിവാരം. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ച പോപുപലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പണമാണിതെന്നും കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴാണ് പിടികൂടിയെന്നുമാണ് സംഘപരിവാര മുഖപത്രമായ ജന്‍മഭൂമിയും സംഘപരിവാര്‍ അനുകൂല മാധ്യമ അക്കൗണ്ടുകളും വ്യാജപ്രചാരണം നടത്തുന്നത്. അതേസമയം, സംഭവത്തിന് പിന്നില്‍ ഇതുവരേയും രാഷ്ട്രീയ ബന്ധം തെളിഞ്ഞിട്ടില്ലെന്ന് തമിഴ്‌നാട് പോലിസ് അറിയിച്ചു.

വെല്ലൂര്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം രേഖകളില്ലാത്ത പത്ത് കോടി രൂപ പിടികൂടിയത്. തമിഴ്‌നാട്ടില്‍ ഇതുവരെ പിടികൂടിയതില്‍ വച്ച് വലിയ തുകയാണെന്ന് പോലിസ് തന്നെ പറയുന്നു. ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും രാഷ്ട്രീയ ബന്ധം ഒന്നും തന്നെ വാര്‍ത്തകളില്‍ ലഭ്യമല്ല.

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായതെന്നാണ് വാര്‍ത്ത. ഇതിനെ, മലയാളത്തിലെ സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമിയും സംഘപരിവാര സാമൂഹിക മാധ്യമ പേജുകളും പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെടുത്തിയാണ് വാര്‍ത്ത വ്യാജവാര്‍ത്തയാക്കിയത്.

നേതാക്കളുടെ കൂട്ട അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ജാമ്യം ലഭിക്കാന്‍ ഹൈക്കോടതി അഞ്ച് കോടിയിലേറെ രൂപ കെട്ടിവയ്ക്കാന്‍ ഉത്തരവിറക്കിയിരുന്നു. ഇതുമായി കൂട്ടിചേര്‍ത്താണ് വ്യാജ പ്രചാരണം നടക്കുന്നത്. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്നാണ് തമിഴ്‌നാട് പോലിസ് പ്രതികരിക്കുന്നത്. രേഖകളില്ലാത്ത 10 കോടി രൂപ ഇന്നലെ പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്, നിലവില്‍ ഒരു രാഷ്ട്രീയ ബന്ധവും പ്രതികള്‍ക്ക് ഇല്ലെന്ന് വെല്ലൂര്‍ പോലിസ് പറഞ്ഞു.

Similar News