ഉത്തര്‍പ്രദേശില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ മരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു
37 കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സാധിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു.
ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. തീവ്രപരിചരണ വിഭാഗത്തി(എന്‍ഐസിയു)ലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. 37 കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സാധിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു.
ഇന്നലെ രാത്രി 10.35 ഓടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ടെന്നും ഝാന്‍സി കലക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു. ദുരന്തത്തില്‍ രോഗികളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ജനലുകള്‍ തകര്‍ത്താണ് രോഗികളെ പുറത്തിറക്കുന്നത്.
എന്‍ഐസിയുവിലുണ്ടായ അപകടത്തില്‍ കുട്ടികളുടെ മരണം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടുത്തിന്റെ കാരണം അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റിയും സര്‍ക്കാര്‍ രൂപീകരിച്ചു.