ബാബാ സിദ്ദീഖിയെ കൊന്നത് മതപരവും ദേശസ്‌നേഹപരവുമായ പ്രവൃത്തിയെന്ന് പ്രതി
കുപ്രസിദ്ധമായ ഡല്‍ഹിയിലെ ശ്രദ്ധ വാക്കര്‍ കൊലപാതക കേസിലെ പ്രതിയായ അഫ്താബ് പൂനവാലയെ കൊല്ലാനും താന്‍ ആഗ്രഹിച്ചിരുന്നതായി ശിവ്കുമാര്‍ ഗൗതം വെളിപ്പെടുത്തി.
മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായിരുന്ന ബാബാ സിദ്ദീഖിയെ കൊല്ലുന്നത് മതപരവും ദേശസ്‌നേഹപരവുമായ പ്രവൃത്തിയാണെന്ന് പ്രതി വിശ്വസിച്ചിരുന്നതായി പോലിസ്. ബാബാ സിദ്ദീഖിയെ വെടിവച്ച ശിവ്കുമാര്‍ ഗൗതം ചോദ്യം ചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ബാബാ സിദ്ദീഖിയെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ പിടികിട്ടാപുള്ളിയായ ശുഭം ലൊങ്കാറാണ് ശിവ്കുമാര്‍ ഗൗതത്തെ ഇങ്ങനെ മസ്തിഷ്‌കഷാളനം ചെയ്തത്.
കൊല നടത്തിയാല്‍ പണത്തിന് പുറമെ വിദേശയാത്രകളും ശുഭം ലൊങ്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. കുപ്രസിദ്ധമായ ഡല്‍ഹിയിലെ ശ്രദ്ധ വാക്കര്‍ കൊലപാതക കേസിലെ പ്രതിയായ അഫ്താബ് പൂനവാലയെ കൊല്ലാനും താന്‍ ആഗ്രഹിച്ചിരുന്നതായി ശിവ്കുമാര്‍ ഗൗതം വെളിപ്പെടുത്തി. അഫ്താബ് കനത്ത സുരക്ഷയില്‍ തീഹാര്‍ ജയിലില്‍ കഴിയുന്നതാണ് പദ്ധതിക്ക് തടസമായത്. ശ്രദ്ധ വാക്കര്‍ എന്ന പെണ്‍കുട്ടിയെ ലിവ് ഇന്‍ പാര്‍ടണറായ അഫ്താബ് പൂനവാല 2022ല്‍ കൊലപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിം യുവാവ് പ്രണയം നടിച്ച് കൊലപ്പെടുത്തിയെന്നാണ് സംഘപരിവാര്‍ പ്രചരിപ്പിച്ചത്.
ശുഭം ലൊങ്കാറിന്റെ ഡയറി സ്ഥാപനത്തിന് സമീപം ജോലിയെടുത്തിരുന്ന ശിവ്കുമാര്‍ പതിയെ അയാളുടെ സ്വാധീനത്തില്‍ എത്തിപ്പെടുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്. ശുഭ് ലൊങ്കാര്‍ കടുത്ത മതവിശ്വാസിയും ഹിന്ദുത്വദേശീയവാദിയുമാണ്. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന ശുഭം ലൊങ്കാര്‍ 2018-19 കാലത്ത് ജയ്‌സാല്‍മറില്‍ നടന്ന ടെസ്റ്റില്‍ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്് ആവശ്യപ്പെട്ട് ബജ്‌റ എന്നയാളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് ഇയാള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ ചേരുന്നത്. ഇതോടെ നേപ്പാളിലും അസര്‍ബൈജാനിലും പോയി ആയുധപരിശീലനവും നേടി.
2024 ഫെബ്രുവരിയില്‍ ആയുധങ്ങളുമായി ശുഭം ലൊങ്കാറിനെ മഹാരാഷ്ട്രയിലെ അകോല പോലിസ് പിടികൂടിയിരുന്നു. പക്ഷെ, പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഇയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബാബാ സിദ്ദീഖിയെ വെടിവച്ചു കൊന്ന കേസില്‍ ഇതുവരെ 23 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.