രണ്ട് എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ 100 കോടി വാഗ്ദാനം നല്‍കിയെന്ന്; തോമസ് കെ തോമസിനെതിരേ ആരോപണം
ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ആന്റണി രാജു
തിരുവനന്തപുരം: എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയതതായി ആരോപണം. എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ് ഇത്തരം വാഗ്ദാനം നല്‍കിയെന്നാണ് ആരോപണം. മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എംഎല്‍എയുമായ ആന്റണി രാജുവിനും ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനുമാണ് ഈ തുക വാഗ്ദാനം ചെയ്തത്.
ഇതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചതാണ് തോമസ് കെ തോമസിന്റെ മന്ത്രിസഭാ പ്രവേശനം മുടങ്ങാനിടയാക്കിയതെന്നാണ് റിപോര്‍ട്ട്. വിവരം അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് എംഎല്‍എമാരേയും വിളിപ്പിച്ച് ഇതേക്കുറിച്ച് ആരാഞ്ഞു. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചിരുന്നുവെന്നും ഗുരുതരമായ ചില കാര്യങ്ങള്‍ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ടെന്നും ആന്റണി രാജു വെളിപ്പെടുത്തി. എന്നാല്‍, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആരോപണം തള്ളിക്കളഞ്ഞു. ആര്‍ക്കും തന്നെ പച്ചില കാട്ടി വശത്താക്കാനാവില്ല. ഒരു വാഗ്ദാനത്തിന്റെയും പിന്നാലെ പോവില്ല. യുഡിഎഫ് തന്ന വാഗ്ദാനങ്ങള്‍ പോലും തള്ളി. ചെങ്കൊടി പ്രസ്ഥാനത്തില്‍ നിന്ന് മാറില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭക്ക് അകത്തോ പുറത്തോ തോമസ് കെ തോമസുമായി ഒരു ചര്‍ച്ചയും നടന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം, ആരോപണം തെറ്റാണെന്നും പൂര്‍ണമായും നിഷേധിക്കുന്നുവെന്നും തോമസ് കെ തോമസ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചു. ആരോപണങ്ങള്‍ക്ക് പിന്നില്‍ കുട്ടനാട് സീറ്റില്‍ നിന്നും മുമ്പ് മത്സരിച്ചിരുന്ന ആന്റണി രാജു ആണെന്നും തോമസ് കെ തോമസ് ആരോപിച്ചു. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസ്ഥാന തര്‍ക്കം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്ത്രിസ്ഥാന തര്‍ക്കം വന്നപ്പോള്‍ മാത്രം വന്ന ആരോപണമാണ്. 100 കോടിക്ക് ഒരു വിലയുമില്ലേ? കുട്ടനാട്ടിലെ വികസനം കണ്ട് ആന്റണി രാജുവിന് സമനില തെറ്റിയിരിക്കുകയാണ്. ശരദ് പവാര്‍ പക്ഷത്തു നില്‍ക്കുന്ന താന്‍ എങ്ങനെ അജിത് പവാറിന്റെ ആളാകുമെന്നും അദ്ദേഹം ചോദിച്ചു.
100 കോടി കൊടുക്കണമെങ്കില്‍ ആദ്യം തനിക്ക് പണം തന്ന് വശത്താക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ സംസ്ഥാന അധ്യക്ഷനുമായി ആലോചിച്ച് മറുപടി നല്‍കും. അപവാദ പ്രചരണം തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.