മഴക്കെടുതി:മഹാരാഷ്ട്രയില്‍ മരണം 102 ആയി
അതേസമയം, ഗുജറാത്തിലെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
മുംബൈ:മഹാരാഷ്ട്രയിലും ഗുജറാത്തിലും മഴ ശക്തമായി തുടരുന്നു.മഴക്കെടുതി രൂക്ഷമായ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 102 ആയി. ഗുജറാത്തില്‍ രക്ഷാ ദൗത്യത്തിനായി എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ യൂനിറ്റുകള്‍ എത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ ജാഗ്രതാ മുന്നറിയിപ്പുണ്ട്.
മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് പേര്‍ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.രണ്ട് പേരെ കാണാതാവുകയും ചെയ്തു. 3,873 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയച്ചിട്ടുണ്ട്. 14 ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യൂനിറ്റുകളും ആറ് സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആര്‍എഫ്) യൂനിറ്റുകളും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.പരശുറാം ഘട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുംബൈ ഗോവ ദേശീയ പാത അടച്ചു.
അതേസമയം, ഗുജറാത്തിലെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.സൂറത്ത്, ജുനാഗഡ്, ഗിര്‍, ഭാവ്‌നഗര്‍, താപി, ഡാങ്, വല്‍സാദ്, നവസാരി എന്നിവയാണ് ഈ ജില്ലകള്‍.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സേനാ വിഭാഗങ്ങളുടെ ഹെലികോപ്റ്ററുള്‍പ്പെടെ രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ തെക്കന്‍ ജില്ലകളിലും സൗരാഷ്ട്രയിലും കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാനുള്ള സാധ്യത ഉണ്ട്.
കര്‍ണാടകയിലും കൊങ്കണ്‍ മേഖലയിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബിഹാര്‍, രാജസ്ഥാന്‍, യുപി, മിസോറാം, മേഘാലയ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി യ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്.