ജമ്മു കശ്മീര്‍: സായുധസംഘങ്ങളുമായി ബന്ധമുണ്ടെന്ന്ആരോപിച്ച് 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കി
രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്.
ജമ്മു: സായുധ സംഘടനകളുമായി ബന്ധം പുലര്‍ത്തിയെന്നാരോപിച്ച് 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. കശ്മീരി നേതാവ് സയിദ് സലാഹുദ്ദീന്റെ രണ്ട് മക്കളും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. സായുധ സംഘടനകള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ആയുധങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
സയിദ് സലാഹുദ്ദീന്റെ മക്കളായ സയിദ് അഹമ്മദ് ഷക്കീല്‍, ഷാഹിദ് യൂസഫ് എന്നിവരെ സായുധ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി എന്ന കുറ്റത്തിനാണ് പുറത്താക്കിയത്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ അടക്കമുള്ള സംഘടനകളെ ഇരുവരും സഹായിച്ചെന്നാണ് എന്‍ഐഎയുടെ വാദം.അനന്തനാഗ്, ബുദ്ഗാം, ബരാമുള്ള, ശ്രീനഗര്‍, പുല്‍വാമ, കുപ്‌വാര എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരെയാണ് ഭരണഘടന 311 പ്രകാരം അന്വേഷണം പോലും നടത്താതെ പുറത്താക്കിയത്. വിദ്യാഭ്യാസം, പോലിസ്, ഊര്‍ജം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.