അമൃത്‌സര്‍: ഇറ്റലിയില്‍നിന്നും പഞ്ചാബിലെ അമൃത്‌സറിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ കണ്ടെത്തിയതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടറായ വി കെ സേഥ് പറഞ്ഞു. 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ക്വറന്റൈനിലാക്കി. വകഭേദം കണ്ടെത്താനായി ഇവരുടെ സാംപിള്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇറ്റലിയില്‍നിന്ന് വരുന്നവരടക്കമുള്ളവര്‍ക്ക് എയര്‍പോര്‍ട്ടില്‍ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇറ്റലിയില്‍നിന്ന് വിമാനം കയറും മുമ്പേ ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവായിരുന്നവര്‍ ഇവിടെയെത്തിയപ്പോള്‍ പോസിറ്റീവായത് എങ്ങനെയെന്നാണ് പലരും ചോദിക്കുന്നത്. ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍നിന്ന് ഷെഡ്യൂള്‍ഡ് ചെയ്യാത്ത ചാര്‍ട്ടര്‍ ഫ്‌ളൈറ്റിലാണ് (YU-661) ഇവര്‍ അമൃത്‌സറിലെത്തിയത്. സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. രാജ്യത്ത് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ ശേഷം കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. വിമാനത്തിലെത്തിയവര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത് രോഗവ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.