ശസ്ത്രക്രിയയിലെ പിഴവ്; കാല്‍ മുറിച്ചുമാറ്റിയ ഫുട്‌ബോള്‍ താരം മരണത്തിന് കീഴടങ്ങി

Update: 2022-11-15 08:32 GMT

ചെന്നൈ: ശസ്ത്രക്രിയയിലെ പിഴവിനെത്തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റിയ ഫുട്‌ബോള്‍ താരം ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച് മരിച്ചു. ചെന്നൈ സ്വദേശിയായ കോളജ് ഫുട്‌ബോള്‍ താരം ആര്‍ പ്രിയ(17) ആണ് ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. വലത് കാലിലെ ലിഗമെന്റിനേറ്റ പരിക്കിനെത്തുടര്‍ന്ന് നവംബര്‍ ഏഴിന് പെരിയാര്‍ നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രിയയെ ആര്‍ത്രോസ്‌കോപി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.

തുടര്‍ശസ്ത്രക്രിയയ്ക്ക് ശേഷം കാലിന് അതികഠിനമായ വേദന അനുഭവപ്പെട്ട പ്രിയയെ നഗരത്തിലെ രാജീവ് ഗാന്ധി ആശുപത്രയിലേക്ക് മാറ്റി. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്ന പ്രിയയുടെ ജീവന്‍ നിലനിര്‍ത്താനായി കോശങ്ങള്‍ നശിച്ച കാല്‍ ഡോക്ടര്‍മാര്‍ മുറിച്ചുനീക്കി. തുടര്‍ചികില്‍സയില്‍ മൃതകോശങ്ങള്‍ നീക്കുന്നതിനിടെ ശരീരത്തിലെ ക്രിയാറ്റിന്‍ നില അമിതമാവുകയും ഹൃദയം, വൃക്ക, കരള്‍ എന്നീ അവയവങ്ങളെ ഇത് ബാധിക്കുകയും ചെയ്തു. ഡയാലിസിസ് നടത്തിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ പ്രിയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജില്ലാ, സംസ്ഥാന തല ഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുത്തിട്ടുള്ള പ്രിയ ഡിഗ്രി വിദ്യാര്‍ഥിനിയാണ്. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാര്‍ പ്രിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സഹോദരന് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് പ്രഖ്യാപിച്ചു. സംഭവത്തില്‍ അശ്രദ്ധയോടെ ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തതായി ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേര നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കി.

Tags:    

Similar News