പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നു; തെറ്റുതിരുത്താന്‍ സിപിഎം

ശബരിമലയിലെ യുവതി പ്രവേശനം നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച ധൃതിയാണ് പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കിയത്

Update: 2019-05-24 20:00 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ കുറിച്ച് സംസ്ഥാന കമ്മിറ്റി മുതല്‍ ബൂത്ത് തലം വരെ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. പരാജയം ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ താല്‍ക്കാലികമായ തിരിച്ചടിയാണെന്നും ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചതായും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തോല്‍വിയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി പ്രത്യേകം പരിശോധിക്കും. ഗൗരവമായ പരിശോധനയിലൂടെ കുറവുകള്‍ തിരുത്തി നഷ്ടപ്പെട്ട ജനപിന്തുണ ആര്‍ജ്ജിക്കാനും എല്ലാ തലങ്ങളിലും പാര്‍ട്ടി ഒറ്റക്കെട്ടായി ശ്രമിക്കും. അതേസമയം, ന്യൂനപക്ഷങ്ങള്‍ പൂര്‍ണമായും കൈവിട്ടെന്ന പ്രചാരണം ശരിയല്ലെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. മോദിപ്പേടിയില്‍ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കപ്പെട്ടത് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയിലെ തന്നെ പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നതാണ് ഇത്രയും വലിയ തോല്‍വിക്കു കാരണമായത്. ശബരിമലയിലെ യുവതി പ്രവേശനം നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച ധൃതിയാണ് പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കിയത്.

    ബിജെപിയെ പരാജയപ്പെടുത്തുക, മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുക, ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും അംഗബലം വര്‍ധിപ്പിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പില്‍ സിപിഎം ജനങ്ങളെ സമീപിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാലുണ്ടാവുന്ന അപകടം സമൂഹത്തില്‍ ശരിയായി പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചു. എന്നാല്‍, ഇതിന്റെ നേട്ടം യുഡിഎഫിനാണുണ്ടായത്. ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസിനേ കഴിയൂയെന്ന ചിന്തയിലാണ് വിവിധ ജനവിഭാഗങ്ങള്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിച്ച ഈ സമീപനമാണ് ജനവിധിയെ സ്വാധീനിച്ച പ്രധാനഘടകം. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ സ്ഥിതിയും ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ഇടതുപക്ഷത്തിന് വേണ്ടത്ര കഴിഞ്ഞില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.



Tags:    

Similar News