മൃതദേഹത്തിനൊപ്പം ലഭിച്ച കാല് അലന്റേതല്ലെന്ന് നിഗമനം; ഡിഎന്‍എ പരിശോധന നടത്തും

മരിച്ച പന്ത്രണ്ട് വയസ്സുകാരന്‍ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിര്‍ന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിഗമനം.

Update: 2021-10-18 01:21 GMT

കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടല്‍ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചതായി സംശയം ഉയരുന്നു. മരിച്ച പന്ത്രണ്ട് വയസ്സുകാരന്‍ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിര്‍ന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിഗമനം. ഈ സാഹചര്യത്തിലാണ് ഒരാള്‍ കൂടി ഈ ഭാഗത്ത് മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ഉയര്‍ന്നത്. സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തീരുമാനമായി.

പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ച സാഹചര്യത്തില്‍ പ്ലാപ്പള്ളിയില്‍ നിലവില്‍ ലിസ്റ്റില്‍ ഇല്ലാത്ത മറ്റാരെങ്കിലും അപകടത്തില്‍പ്പെട്ടോ എന്നാണ് സംശയം. ഇത് സ്ഥിരീകരിക്കാനും അലന്റെ ശരീരഭാരത്തിന് വേണ്ടിയും ഇന്നും തിരച്ചില്‍ തുടരുമെന്ന് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ അറിയിച്ചു.

ഉരുള്‍പ്പൊട്ടലില്‍ പ്ലാപ്പള്ളി മേഖലയില്‍ നാല് പേരാണ് മരിച്ചതെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. സോണിയ (46), അലന്‍, പന്തലാട്ടില്‍ സരസമ്മ മോഹനന്‍ (58), റോഷ്‌നി (50) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരില്‍ അലന്റെ മൃതദേഹവുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉണ്ടായത്. ഈ മേഖലയില്‍ കല്ലും മറ്റും വീണ് മതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

മൃതദേഹാവശിഷ്ടങ്ങള്‍ മണ്ണിനടിയില്‍ നിന്നും ശേഖരിച്ചാണ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി എത്തിച്ചത്. ഇതിനിടയിലാണ് 12 വയസ്സുകാരന്റെ മൃതദേഹത്തിന് ഒപ്പമുള്ള കാല് മുതിര്‍ന്ന വ്യക്തിയുടേതാണെന്ന് ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തിയത്. എന്നാല്‍ ഇങ്ങനെ ഒരാളെ കാണാതായതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല.

Tags:    

Similar News