കശ്മീര്‍ സര്‍വകലാശാല വിസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസ്: പ്രതികളെ വെറുതെ വിട്ട വിധി ശരിവച്ചു

Update: 2025-03-22 14:30 GMT
കശ്മീര്‍ സര്‍വകലാശാല വിസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസ്: പ്രതികളെ വെറുതെ വിട്ട വിധി ശരിവച്ചു

ന്യൂഡല്‍ഹി: കശ്മീര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെയും പേഴ്‌സണല്‍ സെക്രട്ടറിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലെ ആരോപണവിധേയരായ ഏഴു പേരെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. ആരോപണവിധേയര്‍ക്കെതിരെ തെളിവുകള്‍ ഒന്നുമില്ലെന്നും ടാഡ കേസില്‍ മൊഴി രേഖപ്പെടുത്തിയതില്‍ പ്രശ്‌നങ്ങളുണ്ടെന്നും സിബിഐയുടെ അപ്പീലുകള്‍ തള്ളി ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

''ടാഡ പ്രകാരമുള്ള ഈ കേസിലെ അന്വേഷണവും വിചാരണയും ദുഖകരമായ സാഹചര്യത്തെ കാണിക്കുന്നു. കേസില്‍ കുറ്റാരോപിതര്‍ക്കും ഇരകള്‍ക്കും സത്യവും നീതിയും ലഭിച്ചില്ല. ക്രൂരമായ ഈ നിയമം പിന്നീട് റദ്ദാക്കിയത് വെറുതെയല്ല.''- കോടതി പറഞ്ഞു.

1990ല്‍, കശ്മീര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മുശിറുല്‍ ഹഖിനെയും പേഴ്‌സണല്‍ സെക്രട്ടറി അബ്ദുള്‍ ഗനി സര്‍ഗാറിനെയും സര്‍വകലാശാലയ്ക്ക് സമീപത്ത് നിന്ന് ജമ്മുകശ്മീര്‍ സ്റ്റുഡന്റ്‌സ് ലിബറേഷന്‍ ഫ്രണ്ട് (ജെകെഎസ്എല്‍എഫ്) പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തടവിലിട്ടിരിക്കുന്ന കശ്മീരികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോളുകളും വന്നു. തടവുകാരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതോടെ ഇരുവരും കൊല്ലപ്പെട്ടു. കേസിലെ അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തു. എന്നാല്‍, വിചാരണക്കോടതി ആരോപണവിധേയരെ വെറുതെവിട്ടു. ഈ വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്.


Similar News