ധരിണിയെ കണ്ടവരുണ്ടോ? പതിനൊന്ന് വര്‍ഷം മുമ്പ് കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലിസ് പത്തനംതിട്ടയില്‍

പത്തനംതിട്ട: പതിനൊന്ന് വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലിസ് സംഘം പത്തനംതിട്ടയിലെത്തി. കരുമത്താംപട്ടി സ്വദേശി ധരിണിയെ(38) കാണാതായ കേസിലാണ് തമിഴ്‌നാട് സിഐഡി സംഘം പത്തനംതിട്ടയില്‍ പരിശോധന നടത്തുന്നത്. 2014 സെപ്റ്റംബര്‍ 17ന് തമിഴ്‌നാട്ടിലെ കരുമത്താംപട്ടിയിലെ വീട്ടില്‍ നിന്നാണ് ധരിണിയെ കാണാതായത്. 2015 ഫെബ്രുവരി 27ന് ധരിണി ചെങ്ങന്നൂരില്‍ നിന്നു പത്തനംതിട്ട സ്‌റ്റേഡിയം വരെ യാത്ര ചെയ്തിരുന്നതായി സിഐഡി കണ്ടെത്തിയിരുന്നു.
കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമുള്ള ധരിണി നിരവധി മെയില്‍ ഐഡികള്‍ ഉപയോഗിച്ചിരുന്നു. ഈ മെയില്‍ ഐഡികളില്‍ ഒന്ന് ട്രാക്ക് ചെയ്തപ്പോഴാണ് യുവതി കേരളത്തിലുണ്ടെന്ന് അറിഞ്ഞത്. എന്നാല്‍ പത്തനംതിട്ടയില്‍ എത്തിയതിനു ശേഷം ഈ മെയില്‍ ഐഡി പ്രവര്‍ത്തനക്ഷമമായിട്ടില്ല. യുവതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐഡി വിഭാഗം പത്തനംതിട്ടയിലെത്തിയത്. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന യുവതി, ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവത്രെ. സ്‌കൂളുകളിലോ കോളജുകളിലോ ട്യൂഷന്‍ സെന്ററുകളിലോ യുവതി വേഷം മാറി ജോലി ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പോലിസിന്റെ നിഗമനം. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും നല്‍കും.