
പട്യാല: സിഖുകാരെ ഹിന്ദുമതത്തിന്റെ ഭാഗമാക്കാന്‍ പ്രവര്‍ത്തിച്ചിരുന്ന സിഖുകാരനായ ആര്‍എസ്എസ് നേതാവിനെ വെടിവച്ചു കൊന്ന കേസില്‍ രണ്ടു പേരെ പഞ്ചാബിലെ പട്യാല കോടതി വെറുതെവിട്ടു. ബിജെപിയുടെ പ്രവാസി വിഭാഗം മേധാവി കൂടിയായിരുന്ന രുല്‍ദ സിംഗിനെ വെടിവെച്ച കൊന്ന കേസിലെ പ്രതികളും ബബ്ബര്‍ ഖല്‍സ നേതാക്കളുമാായ ജഗ്താര്‍ സിംഗ് താര, രമണ്‍ദീപ് സിംഗ് ഗോള്‍ഡി എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരിക്കുന്നത്.

രുല്‍ദ സിംഗ്
2009 ജൂലൈ എട്ടിനാണ് ബൈക്കിലെത്തിയ മൂന്നംഗം സംഘം രുല്‍ദ സിംഗിനെ വെടിവച്ചത്. ചികില്‍സയിലിരുന്ന രുല്‍ദ സിംഗ് ആഗസ്റ്റ് പതിനഞ്ചിന് മരിച്ചു. കേസിലെ പ്രതികള്‍ യുകെയിലും പോര്‍ച്ചുഗലിലുമുണ്ടെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഈ സര്‍ക്കാരുകളെ ബന്ധപ്പെട്ടെങ്കിലും ഇരുസര്‍ക്കാരുകളും ആരോപണ വിധേയരെ ഇന്ത്യക്ക് കൈമാറിയില്ല. വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നായിരുന്നു യുകെയും പോര്‍ച്ചുഗലും പറഞ്ഞത്. തുടര്‍ന്നാണ് ബാക്കിയുള്ളവരെ വച്ച് വിചാരണ നടത്തിയത്.