രാജീവ് ഗാന്ധി പരാമര്‍ശം: മോദിക്കെതിരേ ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ 200 അധ്യാപകര്‍
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സിനെ തരംതാഴ്ത്തി. രാജീവ് ഗാന്ധി രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത വ്യക്തിത്വമാണെന്നും തിങ്കളാഴ്ച പുറത്തിറങ്ങിയ പ്രസ്താവനയില്‍ പറയുന്നു. 207 അധ്യാപകരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഡല്‍ഹി സര്‍വകലാശാലയിലെ ഇരുനൂറോളം അധ്യാപകര്‍ പൊതുപ്രസ്താവനയുമായി രംഗത്ത്. മോദിയുടേത് പ്രധാനമന്ത്രിക്ക് യോജിക്കാത്ത വിലകുറഞ്ഞ നുണ പ്രചാരണമാണെന്ന് അധ്യാപകര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ശനിയാഴ്ച നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത മോദിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പ്രസ്താവനയുമായി രാജ്യത്തെ മികച്ച സര്‍വ്വകലാശാലകളിലെ അധ്യാപകര്‍ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. റഫേല്‍ ചര്‍ച്ചാ വിഷയമാക്കിയതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ മോദി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. 'നിങ്ങളുടെ പിതാവിന് അണികള്‍ക്കിടയില്‍ '' മിസ്റ്റര്‍ ക്ലീന്‍ '' എന്ന വിളിപ്പേരുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത് 'ഭ്രഷ്ടാചാരി നമ്പര്‍ 1' എന്ന പേരിലായിരുന്നു'.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സിനെ തരംതാഴ്ത്തി. രാജീവ് ഗാന്ധി രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത വ്യക്തിത്വമാണെന്നും തിങ്കളാഴ്ച പുറത്തിറങ്ങിയ പ്രസ്താവനയില്‍ പറയുന്നു. 207 അധ്യാപകരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്. മോദിയെപ്പോലെ മറ്റൊരു പ്രധാനമന്ത്രിയും ഇത്തരം നടപടികളിലൂടെ തരംതാഴ്ന്നിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയാണ് പൊതുപ്രസ്താവന ട്വീറ്റ് ചെയ്തത്. രാജീവ് ഗാന്ധിയുടെ കാലത്തെ നേട്ടങ്ങളെ അക്കമിട്ട് പറയുന്ന പ്രസ്താവന മോദിക്കെതിരെ രാഷ്ട്രീയ ആയുധമായിരിക്കുകയാണ്. മുന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആദിത്യ നാരായണ്‍ മിശ്ര, ഡി.യു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, മൂന്ന് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളും പ്രസ്താവനയില്‍ ഒപ്പുവച്ചവരില്‍ ഉള്‍പ്പെടുന്നു.