ഗോധ്ര ട്രെയിന്‍ തീവയ്പ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട എട്ടുപേര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രിം കോടതി

Update: 2023-04-21 09:45 GMT

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയിലേക്കു നയിച്ച 2002ലെ ഗോധ്ര ട്രെയിന്‍ തീവയ്പ് കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട എട്ടു പേര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. 17 മുതല്‍ 18 വരെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. ശിക്ഷക്കെതിരേ ഇവര്‍ നല്‍കിയ ഹരജി 2018 മുതല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ജാമ്യവ്യവസ്ഥ വിചാരണക്കോടതി നിശ്ചയിക്കും. എട്ടുപേര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തില്ല. എന്നാല്‍, നാലു പേര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ തുഷാര്‍ മേത്ത ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തിലെ ഈ നാല് പേരുടെ പങ്ക് കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വാദം. ഈ ആവശ്യം സുപ്രിം കോടതി അംഗീകരിക്കുകയും ചെയ്തു. ഗോധ്രയില്‍ ട്രെയിനിനു തീപ്പിടിച്ച് 58 പേരാണ് കൊല്ലപ്പെട്ടത്. കേസില്‍ വിചാരണക്കോടതി 11 പ്രതികള്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ഗുജറാത്ത് ഹൈക്കോടതി ഇവരുടെ ശിക്ഷ ശരിവച്ചെങ്കിലും വധശിക്ഷ ഒഴിവാക്കിയിരുന്നു. ഗുജറാത്ത് വംശഹത്യയ്ക്കിടെ 11 മുസ് ലികളെ തീയിട്ടുകൊന്ന നരോദാഗാം കേസില്‍ ബിജെപി മുന്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന ഡോ. മായാ കൊദ്‌നാനി, മുന്‍ ബജ്‌റങ്ദള്‍ നേതാവ് ബാബു ബജ്‌രംഗി, വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) നേതാവ് ജയദീപ് പട്ടേല്‍ എന്നിവരുള്‍പ്പെടെ 68 പ്രതികളെ അഹമ്മദാബാദ് കോടതി ഇന്നലെ വെറുതെവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗോധ്ര ട്രെയിന്‍ തീവയ്പ് കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട എട്ടുപേര്‍ക്കും സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.

Tags:    

Similar News