ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 50 ഓളം യാത്രക്കാരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 25 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി പൗരി ഗഡ്വാള്‍ ജില്ലയിലെ സിംദി ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിവാഹസംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 500 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് വീണത്. രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 21 പേരെ പോലിസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷപെടുത്തി.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സംസ്ഥാന പോലിസ് മേധാവി അശോക് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റ യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതസ്ഥാനത്തേക്ക് കൊണ്ടുപോവുന്നത് കാണാന്‍ കഴിയുന്ന രാത്രികാല പ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സംസ്ഥാന പോലിസ് മേധാവി ട്വീറ്റ് ചെയ്തിട്ടുണ്ട്. റിഖ്‌നിഖല്‍ ബൈറോഖല്‍ റോഡില്‍ സിംദി ഗ്രാമത്തിനരികില്‍ കിഴക്കന്‍ നായര്‍ നദിയുടെ താഴ്‌വരയിലാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് ധുമകോട്ട്, റിഖ്‌നിഖല്‍ പോലിസ് സ്ഥലത്തെത്തി. പൗരി ജില്ലയില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.
കനത്ത ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനങ്ങളില്‍ ഏറെ സഹകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ഹരിദ്വാര്‍ ജില്ലയിലെ ലാല്‍ദാംഗ് മേഖലയില്‍ നിന്നുള്ള ബസ് ബിര്‍ഖാലിലെ കാണ്ട മല്ല ഗ്രാമത്തിലേക്ക് പോവുകയായിരുന്നെന്ന് ലാന്‍സ്ഡൗണ്‍ എംഎല്‍എ ദിലീപ് റാവത്ത് പറഞ്ഞു. 25 പേര്‍ മരിക്കാനിടയായ ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും പറഞ്ഞു.