അസമിലെ 28,000 കൊച്ച് രാജ്‌ഭോങ്ഷികളുടെ പൗരത്വം ചോദ്യം ചെയ്യുന്ന കേസുകള്‍ പിന്‍വലിക്കും; അവര്‍ തദ്ദേശീയരെന്ന് ബിജെപി

Update: 2025-04-05 05:49 GMT

ദിസ്പൂര്‍(അസം) അസമില്‍ താമസിക്കുന്ന 2,8000 ആദിവാസികളുടെ പൗരത്വത്തെ ചോദ്യം ചെയ്യുന്ന കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊച്ച് രാജ്‌ഭോങ്ഷി സമുദായക്കാര്‍ക്കെതിരേ ഫോറിനേഴ്‌സ് ട്രിബ്യൂണലില്‍ നടക്കുന്ന കേസുകള്‍ അടിയന്തിരമായി പിന്‍വലിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഈ വിഭാഗത്തെ തദ്ദേശീയ ജനതയായാണ് ബിജെപി സര്‍ക്കാര്‍ കാണുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.

''അസമിലെ ഫോറിനേഴ്‌സ് ട്രിബ്യൂണലുകളില്‍ നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതില്‍ 28,000 എണ്ണം കൊച്ച് രാജ്‌ബോങ്ഷി സമുദായത്തില്‍ നിന്നുള്ളവര്‍ക്കെതിരെയാണ്. വിദേശികള്‍ എന്ന് വിളിക്കപ്പെടുന്നതിന്റെ അപമാനം സഹിച്ചുകൊണ്ട് അവര്‍ ഇന്ന് കേസുകള്‍ നടത്തുകയാണ്. കൊച്ച് രാജ്‌ബോങ്ഷി ഒരു തദ്ദേശീയ സമൂഹമാണെന്ന് അസം സര്‍ക്കാര്‍ വിശ്വസിക്കുന്നു. അവര്‍ അസമിന്റെ സംസ്‌കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. അതിനാല്‍ ഫോറിനേഴ്‌സ് ട്രിബ്യൂണലുകളില്‍ നിലവിലുള്ള ഈ കേസുകള്‍ പിന്‍വലിക്കാനും കൊച്ച് രാജ്‌ബോങ്ഷി ജനതയുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനും തീരുമാനിച്ചു.''-ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.

ക്രി.ശേ 1257ല്‍ സ്ഥാപിക്കപ്പെട്ട കമത എന്ന രാജ്യത്തെ പ്രജകളായിരുന്ന കൊച്ച് രാജ്‌ബോങ്ഷികള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിഭജനത്തോടെ വിവിധ രാജ്യങ്ങളിലായി. അസമിലെ 12 ജില്ലകളിലും പശ്ചിമ ബംഗാളിലെ ആറ് ജില്ലകളിലും ബംഗ്ലാദേശിലെ മൂന്ന് ജില്ലകളിലും നേപ്പാളിലെ രണ്ട് ജില്ലകളിലുമാണ് ഇവരുളളത്. 1971ല്‍ ഇവര്‍ രംഗ്പൂര്‍, മൈമെന്‍സിങ് എന്നീ പ്രദേശങ്ങളില്‍ നിന്ന് അസമിലേക്ക് കുടിയേറി. ഇവര്‍ ബംഗ്ലാദേശികളാണ് എന്നാണ് ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇവരെ ഇന്ത്യക്കാരാക്കാമെന്ന് ബിജെപി വാക്ക് നല്‍കി. കൂടാതെ ആദിവാസി പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനവും നല്‍കി.

Similar News