ആശങ്കയായി ഡെല്‍റ്റ പ്ലസ് വകഭേദം; മഹാരാഷ്ട്രയില്‍ മൂന്ന് മരണം

Update: 2021-08-13 09:58 GMT

മുംബൈ: കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് മഹാരാഷ്ട്രയില്‍ ആശങ്ക പരത്തുന്നു. ഇതുവരെ മൂന്ന് മരണമാണ് ഡെല്‍റ്റ പ്ലസ് മൂലമാണെന്ന് റിപോര്‍ട്ട് ചെയ്തത്. രത്‌നഗിരി, മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണം റിപോര്‍ട്ട് ചെയ്തത്. മാസങ്ങളായി തുടരുന്ന കടുത്ത കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ സംസ്ഥാനം ശ്രമിക്കുന്നതിനിടയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ജൂലൈ 27ന്് മുംബൈയില്‍ മരണപ്പെട്ട 63 വയസ്സുള്ള ഒരു സ്ത്രീയ്ക്കാണ് ഡെല്‍റ്റ പ്ലസ് വകഭേദമാണെന്ന് സ്ഥിരീകരിച്ചത്.

മുംബൈയിലെ ആദ്യത്തെ ഡെല്‍റ്റ പ്ലസ് മരണമായിരുന്നു ഇത്. റായ്ഗഡില്‍ മരിച്ച 69 വയസുള്ള വ്യക്തിക്കും കഴിഞ്ഞ മാസം മരിച്ച രത്‌നഗിരി സ്വദേശിയായ 80 വയസ്സുള്ള സ്ത്രീക്കും ഡെല്‍റ്റ പ്ലസ് ആണെന്ന് കണ്ടെത്തി. ജൂലൈ 21ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മുംബൈ സ്വദേശിയായ സ്ത്രീക്ക് പ്രമേഹം ഉള്‍പ്പെടെ നിരവധി അസുഖങ്ങളുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. അവര്‍ക്ക് പൂര്‍ണമായും വാക്‌സിനേഷന്‍ നല്‍കി. നഗരത്തിലെ ഏഴ് ഡെല്‍റ്റ പ്ലസ് രോഗികളിലൊരാളാണ് മരിച്ചത്. മുംബൈയില്‍ രോഗം സ്ഥിരീകരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കും ഡെല്‍റ്റ പ്ലസ് പോസിറ്റീവ് ആണെന്ന് പിന്നീട് വ്യക്തമായി.

മരണപ്പെട്ട സ്ത്രീക്ക് കൂടുതല്‍ യാത്രാ സമ്പര്‍ക്കമുണ്ടായിരുന്നില്ല. മഹാരാഷ്ട്രയിലുടനീളം 13 സാംപിളുകള്‍ കൂടി ഡെല്‍റ്റ പ്ലസ് പോസിറ്റീവ് ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പുതുതായി ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജിനോമിക്‌സ് ഇന്റഗ്രേറ്റീവ് ബയോളജി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്തിയത്. ഇതോടെ ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകള്‍ 65 ആയി വര്‍ധിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് ബുധനാഴ്ച അറിയിച്ചു. ഏഴ് കുട്ടികളിലും എട്ട് മുതിര്‍ന്ന പൗരന്‍മാരിലും വകഭേദം സംഭവിച്ച കൊവിഡ് ബാധ കണ്ടെത്തി. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അടുത്തിടെ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Tags:    

Similar News