38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം

Update: 2019-10-30 11:17 GMT

ഷാര്‍ജ: 38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്കു ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കമായി. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുസ്തകമേള ഉദ്ഘാടനം ചെയ്തു. ഉത്ഘാടനച്ചടങ്ങില്‍ തുര്‍ക്കിയില്‍ നിന്നുള്ള എഴുത്തുകാരനും നെബേല്‍ സമ്മാനജേതാവുമായ ഓര്‍ഹാന്‍ പാമുക്, അമേരിക്കന്‍ നടനും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വേ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. 'ഓപണ്‍ ബുക്ക്‌സ്, ഓപണ്‍ മൈന്‍ഡ്‌സ്' എന്ന ശീര്‍ഷകത്തിലുള്ള ഈ വര്‍ഷത്തെ പുസ്തകമേളയില്‍ 81 രാജ്യങ്ങളില്‍ നിന്നായി 2000ത്തിലേറെ പ്രസാധകരാണ് പങ്കെടുക്കുന്നത്. മലയാളം, തമിഴ് ഭാഷകളിലുള്ള 230ലേറെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെടുന്നത്.

    ലബനോണ്‍ എഴുത്തുകാരിയും നിരൂപകയുമായ ഡോ. യുമ്‌ന അല്‍ ഈദ് ആണ് 38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് 2019ലെ സാംസ്‌കാരികവ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നൊബേല്‍ സമ്മാനജേതാവ് ഓര്‍ഹാന്‍ പാമുക് നടത്തുന്ന പ്രഭാഷണമാണ് ഉത്ഘാടനദിനത്തിലെ പ്രധാന സവിശേഷത. 30നു വൈകീട്ട് ഏഴ് മുതല്‍ ബാള്‍ റൂമില്‍ നടക്കുന്ന പരിപാടിയില്‍ ഓര്‍ഹാന്‍ പമുക് സ്വന്തം നോവലുകളെയും മറ്റ് സാഹിത്യരചനകളെയും തുര്‍ക്കിയിലെ ജീവിതത്തെയും കുറിച്ച് സംവദിക്കും. സന്ദര്‍ശകരുടെ എണ്ണത്തിന്റെയും പ്രസാധകരുടെ പങ്കാളിത്തത്തിന്റെയും കാര്യത്തില്‍ ഈ വര്‍ഷത്തെ പുസ്തകമേള മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മികച്ചുനില്‍ക്കുമെന്നാണ് സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ വിലയിരുത്തല്‍. കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന പുസ്തകപ്രകാശനങ്ങള്‍ക്ക് ഈ വര്‍ഷം പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ തുടര്‍ച്ചയായ പുസ്തകപ്രകാശനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

    കുട്ടികള്‍ക്കായി വിപുലമായ സൗകര്യമുണ്ട്. കുട്ടികള്‍ രചിച്ച 40ഓളം പുസ്തകങ്ങളാണ് മേളയില്‍ പ്രകാശനത്തിനൊരുങ്ങുന്നത്. യുഎഇയിലെ ഒരു സ്‌കൂളിലുള്ള 30 കുട്ടികള്‍ ചേര്‍ന്ന് രചിച്ച പുസ്തകവും പ്രകാശനം ചെയ്യും. കുട്ടികള്‍ക്കുള്ള സിനിമാപ്രദര്‍ശനത്തിന് 'കോമിക് കോര്‍ണര്‍' എന്ന പേരില്‍ ഏഴാം നമ്പര്‍ ഹാളില്‍ പ്രത്യേക തിയേറ്ററുണ്ട്. മേളയില്‍ നിന്ന് വാങ്ങുന്ന പുസ്തകങ്ങള്‍ക്കെല്ലാം 25 ശതമാനം വിലക്കിഴിവ് ഉണ്ടായിരിക്കും. ഷാര്‍ജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രചിച്ച മൂന്ന് പുസ്തകങ്ങളുടെ മലയാളപരിഭാഷകളും പ്രകാശനം ചെയ്യും. കേരളത്തില്‍ നിന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രി ജി സുധാകരന്‍, ബിനോയ് വിശ്വം എംപി, വി ടി ബല്‍റാം എംഎല്‍എ, കെ പി രാമനുണ്ണി, ചലച്ചിത്രതാരം രവീന്ദ്രന്‍ എന്നിവര്‍ മേളയ്‌ക്കെത്തുന്നുണ്ട്. ലോകപ്രശസ്തനായ സെല്‍ഫ്‌ഹെല്‍പ് എഴുത്തുകാരനും വ്യക്തിത്വ വികാസ പരിശീലകനുമായ മാര്‍ക്ക് മാന്‍ഷന്‍ നടത്തുന്ന മോട്ടിവേഷന്‍ സെഷനില്‍ പങ്കെടുക്കാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവസരമുണ്ടായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ പുസ്തകമേള നവംബര്‍ ഒമ്പതിനു സമാപിക്കും.




Tags:    

Similar News