10 വര്‍ഷത്തിനിടെ 39 പ്രസവങ്ങള്‍ തിഹാര്‍ ജയിലില്‍ നടന്നിട്ടുണ്ട്, ഗര്‍ഭിണി ആയതിനാല്‍ മാത്രം സഫൂറ ജാമ്യത്തിന് അര്‍ഹയല്ലെന്ന് ഡല്‍ഹി പോലിസ്
സഫൂറയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെ ഡല്‍ഹി ഹൈക്കോടതിയിലാണ് പോലിസ് നിലപാട് അറിയിച്ചത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ജാമ്യാപേക്ഷ എതിര്‍ക്കുന്ന റിപോര്‍ട്ടും ഡല്‍ഹി പോലിസ് കോടതിയെ സമര്‍പ്പിച്ചു.
ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ കോഓഡിനേഷന്‍ കമ്മിറ്റി അംഗം സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഡല്‍ഹി പോലിസ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 39 പേര്‍ തിഹാര്‍ ജയിലില്‍ പ്രസവിച്ചിട്ടുണ്ടെന്നും ഗര്‍ഭിണി ആയതുകൊണ്ടുമാത്രം സഫൂറ സര്‍ഗാറിന് ജാമ്യം നല്‍കരുതെന്നും പോലിസ് ആവശ്യപ്പെട്ടു. സഫൂറയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെ ഡല്‍ഹി ഹൈക്കോടതിയിലാണ് പോലിസ് നിലപാട് അറിയിച്ചത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ജാമ്യാപേക്ഷ എതിര്‍ക്കുന്ന റിപോര്‍ട്ടും ഡല്‍ഹി പോലിസ് കോടതിയെ സമര്‍പ്പിച്ചു.
ഭീകരവിരുദ്ധ നിയമപ്രകാരവും യുഎപിഎ പ്രകാരവും ആണ് സഫൂറയ്ക്ക് എതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍ എംഫില്‍ വിദ്യാര്‍ത്ഥിനിയായ ഇവര്‍ നാലുമാസം ഗര്‍ഭിണിയാണ്.
അവര്‍ ഗര്‍ഭിണിയാണെന്നത് അവര്‍ ചെയ്ത തെറ്റിന്റെ കാഠിന്യം കുറയ്ക്കുന്നില്ലെന്ന് പോലിസ് പറഞ്ഞു. ആവശ്യമായ വൈദ്യസഹായം ജയിലില്‍ അവര്‍ക്ക് നല്‍കുമെന്നും ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡല്‍ഹി പോലിസ് പറഞ്ഞു
ഗര്‍ഭിണികളെ അറസ്റ്റ് ചെയ്യുകയും തടവില്‍ വെയ്ക്കുകയും മാത്രമല്ല ജയിലില്‍ പ്രസവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനായി സുപ്രിംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 39 പ്രസവങ്ങള്‍ തിഹാര്‍ ജയിലില്‍ നടന്നിട്ടുണ്ടെന്നും ഡല്‍ഹി പോലിസ് അറിയിച്ചു. അതേസമയം, സഫൂറയെ പ്രത്യേക സെല്ലില്‍ തനിയെ പാര്‍പ്പിച്ചിരിക്കുകയാണെന്നും കൃത്യമായ ഇടവേളകളില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ടെന്നും നല്ല ഭക്ഷണവും ആവശ്യമായ മരുന്നുകളും നല്‍കുന്നുണ്ടെന്നും ഡല്‍ഹി പോലിസ് കോടതിയില്‍ അറിയിച്ചു. ജയിലില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും നല്‍കുന്നുണ്ടെന്നും പോലിസ് പറഞ്ഞു.
സഫൂറയുടെ ജാമ്യാപേക്ഷ ജൂണ്‍ നാലിന് വിചാരണക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതയായത്.