പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 41കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

കുടുംബത്തിന്റെ ദാരിദ്ര്യം അറിയാവുന്ന മാനേജര്‍ സാമ്പത്തികസഹായം നല്‍കി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

Update: 2024-11-05 01:32 GMT

മുംബൈ: പതിനാലുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച 41കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. പെണ്‍കുട്ടിയെ പോലിസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഗുജറാത്തിലെ രത്‌നവ്യാപാര കമ്പനിയിലെ മാനേജരാണ് മരിച്ചതെന്ന് മുംബൈ പോലിസ് അറിയിച്ചു. നവംബര്‍ രണ്ടിനാണ് സംഭവം. രത്‌നവ്യാപാര കമ്പനിയിലെ തന്നെ ജീവനക്കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയാണ് മുംബൈയില്‍ എത്തിച്ചതെന്നും അന്വേഷണത്തില്‍ പോലിസ് കണ്ടെത്തി.

തളര്‍വാതം പിടിച്ച പിതാവും തൊഴില്‍രഹിതനായ സഹോദരനും അമ്മയുമാണ് പെണ്‍കുട്ടിക്കുള്ളത്. സാമ്പത്തികമായി പ്രയാസം നേരിടുന്നതിനാല്‍ അമ്മയാണ് പെണ്‍കുട്ടിയെ രത്‌നവ്യാപാര കമ്പനിയില്‍ ജോലിക്ക് അയച്ചത്. കുടുംബത്തിന്റെ ദാരിദ്ര്യം അറിയാവുന്ന മാനേജര്‍ സാമ്പത്തികസഹായം നല്‍കി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സഹായം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 29ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മാനേജര്‍ താന്‍ കുടുംബവുമൊത്ത് മുംബൈക്കു പോവുകയാണെന്നും പെണ്‍കുട്ടിയെയും കൊണ്ടുപോവുകയാണെന്നും അറിയിച്ചു. അങ്ങനൊണ് ഇവര്‍ മുംബൈയില്‍ എത്തിയത്. സംഭവത്തില്‍ വിവിധ നിയമങ്ങള്‍ പ്രകാരം കേസെടുത്ത പോലിസ് വിവരം കോടതിയെ അറിയിച്ച് തുടര്‍നടപടി സ്വീകരിക്കും.

Similar News