പശ്ചിമ ബംഗാള്‍: 42 മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു; എഐഎംഐഎമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല
പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു മുസ്‌ലിം എംഎല്‍എ ഒഴികെ എല്ലാവരും ഭരണകക്ഷിയായ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടിഎംസി) നിന്നുള്ളവരാണ്.
കൊല്‍ക്കത്ത: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 292 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നാലു വനിതകള്‍ ഉള്‍പ്പെടെ 42 മുസ്‌ലിം എംഎല്‍എമാര്‍ ഇടംപിടിച്ചു. പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു മുസ്‌ലിം എംഎല്‍എ ഒഴികെ എല്ലാവരും ഭരണകക്ഷിയായ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടിഎംസി) നിന്നുള്ളവരാണ്.
ടിഎംസിയില്‍ ഉള്‍പ്പെടാത്ത ഏക മുസ്‌ലിം എംഎല്‍എ ഭംഗൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് രാഷ്ട്രീയ സെക്യുലര്‍ മജ്‌ലിസ് പാര്‍ട്ടി (ആര്‍എസ്എംപി) ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച മുഹമ്മദ് നൗഷാദ് സിദ്ധീഖ് ആണ്. ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ പ്രസിഡന്റാണ് സിദ്ദിഖ്. എന്നാല്‍, പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ബിഹാര്‍ ആസ്ഥാനമായുള്ള മുഹമ്മദ് അഷറുല്‍ ഹക്കിന്റെ ആര്‍എസ്എംപിയില്‍ നിന്നാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ചത്.
വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ ഡെബ്ര മണ്ഡലത്തില്‍ നിന്നു ജനവിധി തേടിയ പോലിസുകാരനില്‍നിന്ന് രാഷ്ട്രീയക്കാരനായിമ മാറിയ ഹുമയൂണ്‍ കബീറും ഉള്‍പ്പെടുന്നു. 2021 ജനുവരിയില്‍ നടന്ന റാലിക്കിടെ വര്‍ഗീയ മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിനെതുടര്‍ന്നാണ് കബീര്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരു സീറ്റ് പോലും നേടാനായില്ല. അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും ഒരു സീറ്റ് പോലും നേടാനായില്ല. മുസ്‌ലിം പുരോഹിതനില്‍നിന്ന് രാഷ്ട്രീയ നേതാവായി മാറിയ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) 26 സീറ്റുകളില്‍ മല്‍സരിച്ചെങ്കിലും ഒരു സീറ്റില്‍ മാത്രമേ ജയിക്കാനായുള്ളു.
സംസ്ഥാനത്തെ മുസ്‌ലിംകളെയും ന്യൂനപക്ഷങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി സ്ഥാപിച്ചതെങ്കിലും തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കുകയായിരുന്നു.
എന്നിരുന്നാലും, 2021 പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച മുസ്‌ലിം എംഎല്‍എമാരുടെ എണ്ണം 2016, 2011 തിരഞ്ഞെടുപ്പുകളിലേതിനേക്കാള്‍ കുറവാണ്. 2016ല്‍ 56ഉം 2011ല്‍ 59 ഉം പേര്‍ വിജയിച്ചിരുന്നു.
പശ്ചിമ ബംഗാളില്‍ മൊത്തം ജനസംഖ്യയുടെ 30 ശതമാനം മുസ്‌ലിംകളാണ്. മുര്‍ഷിദാബാദ്, മാള്‍ഡ, നോര്‍ത്ത്, സൗത്ത് ദിനാജ്പൂര്‍ ജില്ലകളിലെ നൂറിലധികം സീറ്റുകളില്‍ വിജയം നിര്‍ണ്ണയിക്കുന്നത് മുസ്‌ലിം വോട്ടുകളാണ്. 2011 മുതല്‍ ഈ ജില്ലകള്‍ ഭരണകക്ഷിയായ ടിഎംസിയുടെ വോട്ട് ബാങ്കിലേക്കാണ് സംഭാവന ചെയ്യുന്നത്.